Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
ഇതുകൊണ്െടാന്നും വിശ്വനാഥന്‍ ആനന്ദിന്റെ വിലയിടിയില്ല

വിശ്വനാഥന്‍ ആനന്ദ് എന്ന ചെസ് ഇതിഹാസം കായികലോകത്തെ അദ്ഭുതപ്രതിഭാസമാണ്; വിഷി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന വിശ്വനാഥന്‍ ആനന്ദ് ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ സ്മരിക്കുന്ന നാമവും. ലോകചെസില്‍ അദ്ദേഹം എത്തിപ്പിടിച്ച ഉയരങ്ങള്‍ രാജ്യത്തിന്റെ അഭിമാനമായി. ചെസ് ബോര്‍ഡിനു സമീപം സ്ഥാപിച്ച ഇന്ത്യന്‍ ദേശീയ പതാകയെ സാക്ഷിനിര്‍ത്തി സമര്‍ഥമായി കരുക്കള്‍ നീക്കി എതിരാളികളെ വെള്ളംകുടിപ്പിക്കുന്ന വിശ്വനാഥന്‍ ആനന്ദിനെ ഒരു ഭാരതീയനും മറക്കാനാവില്ല. ആ അപൂര്‍വപ്രതിഭയെയും വിവാദത്തിന്റെ ചൂളയിലിടാന്‍ നമ്മുടെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനു കഴിഞ്ഞിരിക്കുന്നു. ഹൈദരാബാദ് സര്‍വകലാശാല വിശ്വനാഥന്‍ ആനന്ദിന് നല്‍കാന്‍ തീരുമാനിച്ച ഓണററി ഡോക്ടറേറ്റ് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ഉടക്കില്‍ തടസപ്പെട്ടതാണ് വലിയ വിവാദത്തിനു തിരികൊളുത്തിയത്. ഇന്ത്യന്‍ ദേശീയതയുടെ കൊടിപാറിച്ച വിശ്വനാഥന്‍ ആനന്ദിന്റെ പൌരത്വമായിരുന്നു മന്ത്രാലയത്തിലെ ഉദ്യോഗസ്ഥപ്രമാണികള്‍ക്കു തര്‍ക്കവിഷയം.


തമിഴ്നാട്ടിലെ മൈലാടുതുറൈ എന്ന ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന് ചെന്നൈയിലെ ഡോണ്‍ബോസ്കോ സ്കൂളിലും ലയോള കോളജിലുമൊക്കെ വിദ്യാഭ്യാസം നടത്തി ഇപ്പോള്‍ സ്പെയിനില്‍ താമസമാക്കിയിരിക്കുന്ന വിശ്വനാഥന്‍ ആനന്ദിന് ഇന്ത്യന്‍ പാസ്പോര്‍ട്ടാണ് ഉള്ളത്; മാഡ്രിഡിലെ ഇന്ത്യന്‍ എംബസിയില്‍നിന്നു ലഭിച്ച പാസ്പോര്‍ട്ട്. ഒരു വ്യക്തിയുടെ പൌരത്വം അറിയാനുള്ള ഏറ്റവും പ്രധാനപ്പെട്ടൊരു തിരിച്ചറിയല്‍ രേഖയാണ് പാസ്പോര്‍ട്ട്. വിശദമായ പരിശോധനകള്‍ക്കുശേഷമാണത് ലഭിക്കുന്നത്. ഈ പാസ്പോര്‍ട്ടിന്റെ കോപ്പി അയച്ചുകൊടുത്തിട്ടും മാനവവിഭവശേഷി മന്ത്രാലയത്തിനു തൃപ്തിയായില്ലത്രേ. അത്രയ്ക്ക് അവിശ്വാസമാണെങ്കില്‍ തത്കാലം ബിരുദം സ്വീകരിക്കുന്നില്ലെന്ന് വിശ്വനാഥന്‍ ആനന്ദും വിചാരിച്ചു. ഇക്കാര്യം അദ്ദേഹത്തിന്റെ ഏജന്റ് ഏബ്രഹാം കുരുവിള മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു.


ഏതായാലും അവസരത്തിനൊത്തുയര്‍ന്ന മാനവവിഭവശേഷി മന്ത്രി കപില്‍ സിബല്‍ സമര്‍ഥമായി ഈ വിവാദം കൈകാര്യം ചെയ്തു. സംഭവിച്ചത് ഗുരുതരമായൊരു പിഴവാണെന്നു തിരിച്ചറിഞ്ഞ കപില്‍ സിബല്‍ വിഷിയെ നേരില്‍ വിളിച്ച് ക്ഷമാപണം നടത്തുകയും ഡോക്ടറേറ്റ് ബിരുദം സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. മാന്യനും മിതഭാഷിയുമായ വിശ്വനാഥന്‍ ആനന്ദ് ഈ ക്ഷമാപണം സ്വീകരിക്കുകയും വിവാദം അവസാനിച്ചതായി പറയുകയും ചെയ്തു. വിശ്വനാഥന്‍ ആനന്ദിനെപ്പോലുള്ള ഒരു പ്രതിഭയ്ക്ക് ഇത്തരമൊരു നിലപാടെടുക്കാനുള്ള ഹൃദയവിശാലതയും സമചിത്തതയും തീര്‍ച്ചയായും ഉണ്ടാകും. അതുകൊണ്ടാണല്ലോ ഈ വിവാദങ്ങള്‍ക്കിടയിലും ഹൈദരാബാദില്‍ നടന്ന ഗണിതശാസ്ത്രവിദഗ്ധരുടെ അന്താരാഷ്ട്ര കോണ്‍ഗ്രസില്‍ അറുപതു വിശ്വോത്തര ഗണിതശാസ്ത്രജ്ഞരോട് ഒറ്റയ്ക്ക് ചെസ് കളിച്ച് അവരെയെല്ലാം പരാജയപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞത്. ഒരാള്‍ മാത്രമാണ് ഡ്രോ ആയത്. ആര്യഭടന്റെയും രാമാനുജത്തിന്റെയുമൊക്കെ നാടായ ഇന്ത്യയില്‍ നടന്ന അന്താരാഷ്ട്ര ഗണിതശാസ്ത്ര സമ്മേളനത്തില്‍വച്ച് ഈ ബിരുദം നല്‍കാനായിരുന്നു ഹൈദരാബാദ് സര്‍വകലാശാല തീരുമാനിച്ചിരുന്നത്. എന്നാല്‍, ചുവപ്പുനാടയില്‍ കുരുങ്ങി ആ അവസരം നഷ്ടപ്പെട്ടപ്പോള്‍ നഷ്ടമുണ്ടായത് നമുക്കുതന്നെയായിരുന്നു. രാജ്യം പത്മവിഭൂഷണും ഖേല്‍രത്നയുമൊക്കെ നല്‍കി ആദരിച്ച ആ മഹദ്വ്യക്തിത്വത്തെ ഒന്നുകൂടി ആദരിക്കാനുള്ള അസുലഭമായൊരു അവസരം.


ലോക ചെസിലെ ഏറ്റവും വലിയ ബഹുമതിയായ ചെസ് ഓസ്കര്‍ ആറു തവണ സ്വന്തമാക്കിയിട്ടുള്ള വിശ്വനാഥന്‍ ആനന്ദ് നിരവധി തവണ ലോകചാമ്പ്യന്‍ഷിപ്പ് നേടിയിട്ടുണ്ട്. ലോക റാപ്പിഡ് ചെസിലും ജേതാവാണ്. എപ്പോഴും ഇന്ത്യന്‍ ദേശീയപതാക സമീപത്തുവച്ചേ താന്‍ കളിക്കാറുള്ളൂവെന്നും തന്റെ ആദ്യ വിദേശയാത്രമുതല്‍ ഇന്നോളം ഇന്ത്യന്‍ പാസ്പോര്‍ട്ട് മാത്രമേ ഉപയോഗിച്ചിട്ടുള്ളൂവെന്നും എന്നിട്ടും ഇങ്ങനെയൊരു വിവാദത്തിനു കാരണമെന്തെന്ന് മനസിലാവുന്നില്ലെന്നും അദ്ദേഹം പറയുമ്പോള്‍ മുറിവേറ്റ ഒരു മനസാണ് അവിടെ തെളിയുന്നത്. രാജ്യം ആദരിക്കേണ്ട ഒരു വ്യക്തിയെ അടിസ്ഥാനരഹിതമായൊരു സംശയത്തിന്റെ പേരില്‍ ഇത്രയും വേദനിപ്പിച്ചതിന് ഉത്തരവാദികളായവരെ കണ്െടത്തുകയും മാതൃകാപരമായി ശിക്ഷിക്കുകയും വേണം.


ഡോക്ടറേറ്റ് നല്‍കുന്നതു സംബന്ധിച്ച അപേക്ഷയില്‍ തീയതി കാണിച്ചിരുന്നില്ലെന്നും മറ്റുമുള്ള ആരോപണങ്ങളുമുണ്ട്. ആനന്ദിനോടൊപ്പം ഹാര്‍വാഡ് സര്‍വകലാശാലയിലെ ഗണിതശാസ്ത്രജ്ഞന്‍ ഡേവിഡ് മംഫോര്‍ഡിനും ഡോക്ടറേറ്റ് നല്‍കാന്‍ ഹൈദരാബാദ് സര്‍വകലാശാല തീരുമാനിച്ചിരുന്നു. ഇവരുടെയൊക്കെ വിവരങ്ങള്‍ കേന്ദ്രമാനവവിഭവശേഷി മന്ത്രാലയത്തിന്റെ മുമ്പാകെ വന്നു. അന്വേഷണങ്ങളും എഴുത്തുകുത്തുകളുമൊക്കെ നടത്തിയിട്ടും വിശ്വനാഥന്‍ ആനന്ദിന്റെ കാര്യത്തില്‍ ഇത്രയും ഗുരുതരമായൊരു വീഴ്ച ഉണ്ടായത് അക്ഷന്തവ്യമാണ്. രാജ്യത്തിന് അപമാനമാണ് ഫയലുകളില്‍ ചുവപ്പുനാടകള്‍ കെട്ടിയിടുന്ന ഇത്തരം ബ്യൂറോക്രാറ്റുകള്‍.


ഇരട്ടപൌരത്വത്തിനും വോട്ടവകാശത്തിനുമൊക്കെവേണ്ടി മുറവിളികൂട്ടുന്നവരാണ് പ്രവാസി ഇന്ത്യക്കാര്‍. പ്രവാസിവോട്ടവകാശം യാഥാര്‍ഥ്യമാകാന്‍ പോവുകയാണ്. വിദേശത്തുള്ള നിരവധി ഇന്ത്യക്കാര്‍ ഇന്ത്യയുടെ മുഖ്യധാരാജീവിതത്തിന്റെ സജീവഭാഗമാണ്. പ്രശസ്തരും അപ്രശസ്തരുമായ നിരവധി ഇന്ത്യക്കാര്‍ വിദേശത്തു താമസിക്കുകയും പല വേദികളിലും ഇന്ത്യയെ പ്രതിനിധീകരിക്കുകയും ചെയ്യുന്നുണ്ട്. വിദേശത്തു വീടുള്ള നിരവധി ഇന്ത്യന്‍ കായികതാരങ്ങളും കലാകാരന്മാരും സിനിമാതാരങ്ങളുമുണ്ട്. ഇവരൊക്കെ വിദേശത്തു താമസിക്കുന്നതിന്റെ പേരില്‍ ഇന്ത്യക്കാരല്ലാതായി മാറുന്നില്ല. വ്യക്തിപരവും ഔദ്യോഗിക കാരണങ്ങളാലുമാവും അവര്‍ വിദേശത്തു താമസിക്കുന്നത്. ഇത്തരം വിദേശവാസങ്ങള്‍ പലപ്പോഴും. വിദേശത്തായാലും അവര്‍ ഇന്ത്യക്കാര്‍തന്നെ. അക്കാര്യം അഭിമാനത്തോടെ പറയുന്ന വിശ്വനാഥന്‍ ആനന്ദിനെപ്പോലുള്ളവരെ അപമാനിക്കുന്നവര്‍ നമ്മുടെ ദേശീയതയെത്തന്നെയാണ് വിലയിടിച്ചുകാട്ടുന്നത്.

Reported by Deepika
26th August 2010 09:42:44 AM
Comments for this news
 
Name: Date:
Comments:
 
print Print This Story print Email This Story print Write Comment
 
കൂടുതല്‍ വായിക്കാന്‍
Make Us Your home Page Make Us Your Home page! RSS