Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ഇരിണാവിലെ ഓണത്തല്ല്

ഇടതു സര്‍ക്കാരിന്റെ വികസന നയത്തിന്റെ ഏറ്റവുമൊടുവിലത്തെ മലക്കംമറിച്ചിലും പാളിച്ചയുമാണു കണ്ണൂര്‍ ഇരിണാവിലേത്. അവിടെ സിമന്റ് ഫാക്ടറിയും താപനിലയവും സ്ഥാപിക്കാന്‍ രംഗത്തിറങ്ങിയ മാര്‍ക്സിസ്റ്റ് നേതാക്കളില്‍ ചിലര്‍ തന്നെ ഇപ്പോള്‍ അതിനെ ശക്തമായി എതിര്‍ത്തു രംഗത്തുവന്നിരിക്കുന്നു. പദ്ധതി സംബന്ധിച്ച നടപടികളില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ബലപ്പെടുത്തുന്ന രീതിയിലാണു വ്യവസായ മന്ത്രിയുടെയും ചില സിപിഎം നേതാക്കളുടെയും പരസ്പരവിരുദ്ധമായ നിലപാടുകള്‍.

തീരദേശ പരിപാലന നിയമത്തിന്റെ ഒന്നാം പട്ടികയില്‍പ്പെട്ട സ്ഥലമടങ്ങുന്ന 164 ഏക്കര്‍ ഭൂമി താപനിലയം സ്ഥാപിക്കാന്‍ ജെപി പവര്‍ വെന്‍ച്വര്‍ ലിമിറ്റഡിനു 90 വര്‍ഷത്തേക്കു കിന്‍ഫ്ര (കേരള  ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍) പാട്ടത്തിനു നല്‍കിയ നടപടിയാണു വിവാദത്തില്‍ മുങ്ങിയിരിക്കുന്നത്. തണ്ണീര്‍ത്തടവും കണ്ടല്‍ക്കാടുകളും ഉള്‍പ്പെട്ടതാണു പദ്ധതിഭൂമി. ഇക്കഴിഞ്ഞ ഏപ്രില്‍ 19നു തിരുവനന്തപുരത്തു നടന്ന സമ്മതപത്ര കൈമാറ്റച്ചടങ്ങില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ എം. പ്രകാശന്‍ എംഎല്‍എ (അഴീക്കോട്) പങ്കെടുത്തിരുന്നു. എന്നാല്‍, ഇങ്ങനെയൊരു പദ്ധതി ചര്‍ച്ചപോലും ചെയ്തിട്ടില്ലെന്നാണു സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ അടക്കമുള്ള ഒരുവിഭാഗം നേതാക്കളുടെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍.

താപനിലയത്തില്‍ നിന്നു പുറത്തുവരുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണു സിമന്റ് ഫാക്ടറി പ്രവര്‍ത്തിപ്പിക്കുകയെന്നു ബന്ധപ്പെട്ടവര്‍ പറയുന്നു. എന്നാല്‍,    സിമന്റ് ഫാക്ടറിക്കു വേണ്ട വൈദ്യുതി ഉല്‍പാദിപ്പിക്കാനാണു താപനിലയം സ്ഥാപിക്കുന്നതെന്നു പരിസ്ഥിതിവാദികള്‍ ചൂണ്ടിക്കാട്ടുന്നു. കല്‍ക്കരി ഉപയോഗിച്ചുള്ള താപനിലയവും ഫാക്ടറിയും വന്‍തോതില്‍ പരിസ്ഥിതി നാശവും മലിനീകരണവുമുണ്ടാക്കുമെന്നാണു നാട്ടുകാരുടെ ഭയം. അതുകൊണ്ടു തന്നെ ഇരിണാവ് - പാപ്പിനിശേരി സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ പദ്ധതിക്കെതിരെ ശക്തമായ പ്രക്ഷോഭ പാതയിലാണ് അവര്‍.

കെ.പി.പി. നമ്പ്യാരുടെ കണ്ണൂര്‍ പവര്‍ പ്രോജക്ടിനു വേണ്ടി 13 വര്‍ഷംമുന്‍പ് ഏറ്റെടുത്ത 176 ഏക്കറില്‍പ്പെട്ട ഭൂമിയാണിത്. സമയപരിധിക്കകം പദ്ധതി തുടങ്ങാത്തതിനാല്‍ പവര്‍ പ്രോജ്കട് അധികൃതരില്‍ നിന്നു കിന്‍ഫ്ര സ്ഥലം തിരിച്ചെടുക്കുകയായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകരുടെ അതിശക്തമായ ഏതിര്‍പ്പും സിപിഎമ്മിനുള്ളിലുണ്ടായ രൂക്ഷമായ വിഭാഗീയ പ്രശ്നങ്ങളുമാണ് അന്നും പദ്ധതി ഉപേക്ഷിക്കാന്‍ ഒരു കാരണം.

ഇപ്പോള്‍ ഭൂമി കൈമാറ്റത്തില്‍ സാമ്പത്തിക ക്രമക്കേടും ആരോപിക്കപ്പെട്ടിരിക്കുകയാണ്. 164 ഏക്കര്‍ ഭൂമി 13.8 കോടി രൂപയ്ക്കാണു പാട്ടത്തിനു നല്‍കിയിരിക്കുന്നത്. ഇപ്പോഴത്തെ ഭൂമിവില പരിഗണിക്കുമ്പോള്‍ ഈ തുക തീരെ കുറവാണെന്നാണ് ആക്ഷേപം. സര്‍ക്കാരിന്റെ പ്രധാന സംരംഭമായ താപനിലയത്തെ എതിര്‍ക്കരുതെന്ന് ആവശ്യപ്പെട്ടു സിപിഎമ്മിലെ ചില നേതാക്കള്‍ ബോധവല്‍ക്കരണം നടത്തിയിരുന്നു. പദ്ധതിയെ എതിര്‍ക്കുന്നവരെ കായികമായി നേരിടുമെന്നു വരെ പാര്‍ട്ടി പ്രാദേശിക നേതാക്കള്‍ പ്രഖ്യാപിക്കുകയുണ്ടായി. അതിന്റെ ഭാഗമായാണു സമരത്തില്‍ പങ്കെടുത്ത ഡോ. ഡി. സുരേന്ദ്രനാഥിനെ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നു മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടതെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. പദ്ധതിക്കെതിരെ ജനങ്ങളില്‍ നിന്നും പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന്ന എതിര്‍പ്പുകള്‍ കുറയ്ക്കാനും ആരോപണങ്ങളില്‍ നിന്നു തലയൂരാനുമുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പാര്‍ട്ടി നേതൃത്വം.

എന്നാല്‍, ഒരുവിഭാഗം നേതാക്കളുടെ ആരോപണങ്ങളെ നേരിടുന്ന രീതിയിലാണു പ്രശ്നത്തെക്കുറിച്ചു വ്യവസായമന്ത്രി എളമരം കരീം കഴിഞ്ഞദിവസം നല്‍കിയ വിശദീകരണം. താപനിലയം അനുവദിക്കില്ലെന്ന് ഇ.പി. ജയരാജന്‍ പരസ്യമായി പ്രഖ്യാപിച്ചപ്പോള്‍ നടപടിക്രമങ്ങളെല്ലാം പാലിച്ചാണു ഭൂമി ജെപി പവര്‍ വെന്‍ച്വറിനു കൈമാറിയതെന്നും വ്യവസായ വളര്‍ച്ചയ്ക്ക് അടിസ്ഥാനസൌകര്യം നല്‍കേണ്ട ബാധ്യതയാണു സര്‍ക്കാരിനെന്നുമാണു മന്ത്രിയുടെ വിശദീകരണം. താപനിലയവും സിമന്റ് ഫാക്ടറിയുമാണു വരുന്നതെന്നു മന്ത്രിക്ക് അറിയാമെന്നിരിക്കേ പാര്‍ട്ടിയും സര്‍ക്കാരും അറിഞ്ഞിട്ടില്ലെന്ന മറുഭാഗത്തിന്റെ പ്രസ്താവന ദുരൂഹമാണ്.

നടപടികളെല്ലാം സുതാര്യമാണെന്നു പറയുമ്പോഴും പാട്ടനിരക്കു കുറഞ്ഞതും താപനിലയവും സിമന്റ് ഫാക്ടറിയും വരുന്ന കാര്യം ബോധപൂര്‍വം അണികളില്‍ നിന്നുപോലും മറച്ചുവച്ചതും സംശയങ്ങള്‍ വര്‍ധിപ്പിക്കുകയാണ്. 13 വര്‍ഷം മുന്‍പു താപനിലയത്തിനു വേണ്ടി ഭൂമി കൈമാറിയവരാണു നാട്ടുകാര്‍. വികസനപദ്ധതികള്‍ക്ക് അവര്‍ എതിരല്ല. പക്ഷേ, പരിസ്ഥിതി പ്രശ്നങ്ങള്‍ പൂര്‍ണമായി പഠിക്കാതെ പദ്ധതി സംബന്ധിച്ച കരാര്‍ രഹസ്യമായി ഉണ്ടാക്കിയതെന്തിനാണെന്നാണ് അവരുടെ ചോദ്യം. വികസന വിരുദ്ധരാണു പദ്ധതിക്കെതിരെ നീങ്ങുന്നതെന്നു മന്ത്രി എളമരം കരീം ആക്ഷേപിക്കുന്നു. അങ്ങനെയെങ്കില്‍ ഇവിടെ സിപിഎം ഔദ്യോഗിക പക്ഷത്തെ ഒരുവിഭാഗം വികസന വിരുദ്ധരെന്നാണോ മനസ്സിലാക്കേണ്ടത്? അതോ, വികസനത്തിന്റെ മറവിലെ ഭൂമിമാഫിയയെ ചൂണ്ടിക്കാണിക്കുന്നവരെയെല്ലാം വികസന വിരോധികളായി മുദ്രകുത്തി വായടപ്പിക്കുകയാണോ?

പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ എം. പ്രകാശനും സംസ്ഥാന കമ്മിറ്റി അംഗമായ എളമരം കരീമും അറിഞ്ഞ കാര്യം കേന്ദ്ര കമ്മിറ്റി അംഗവും കണ്ണൂര്‍കാരനും പാര്‍ട്ടിയുടെ സമുന്നത നേതാവുമായ ഇ.പി. ജയരാജന്‍ അറിയാതെ പോയതെങ്ങനെ? പദ്ധതിക്കെതിരാണോ പാര്‍ട്ടി? പദ്ധതിക്കെതിരാണു പാര്‍ട്ടിയെങ്കില്‍ സംസ്ഥാനനേതൃത്വം അക്കാര്യം തുറന്നുപറയുകയല്ലേ വേണ്ടത്?

Reported by Manorama
25th August 2010 10:27:45 AM
Comments for this news
 
Name: Date:
Comments:
 
print Print This Story print Email This Story print Write Comment
 
കൂടുതല്‍ വായിക്കാന്‍
Make Us Your home Page Make Us Your Home page! RSS