Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
കോമണ്‍വെല്‍ത്ത് ഗെയിംസ് സോണിയ ഇടപെട്ടപ്പോള്‍

ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയ കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പ് യുപിഎ അധ്യക്ഷയും കോണ്‍ഗ്രസ് പ്രസിഡന്റുമായ സോണിയാഗാന്ധിയുടെ ശക്തമായ ഇടപെടലിനെത്തുടര്‍ന്ന് പുതിയൊരു ദിശയില്‍ പുരോഗമിക്കുകയാണ്. കോടിക്കണക്കിനു രൂപയുടെ അഴിമതിയും സംഘാടകസമിതിയുടെ പിടിപ്പുകേടും മുന്‍ സ്പോര്‍ട്സ് മന്ത്രി മണിശങ്കര്‍ അയ്യരുടെ വിവാദ പ്രസ്താവനയോടെയാണ് മറനീക്കി പുറത്തുവന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസ് വിജയിച്ചാലും താന്‍ സന്തോഷിക്കില്ല എന്ന മണിശങ്കര്‍ അയ്യരുടെ പ്രസ്താവന ഞെട്ടലോടെയാണ് കായികലോകം ശ്രവിച്ചത്. മുന്‍മന്ത്രിയും ഇപ്പോള്‍ കോണ്‍ഗ്രസ് എംപിയുമായ ഒരു മുതിര്‍ന്ന നേതാവില്‍നിന്നുണ്ടായ ഈ പ്രതികരണം പലേടത്തും കൊണ്ടു എന്നാണ് പിന്നീടുള്ള സംഭവങ്ങള്‍ തെളിയിക്കുന്നത്. മണിശങ്കര്‍ അയ്യരുടെ വിമര്‍ശനത്തിന്റെ സ്വഭാവത്തെയും ഭാഷയേയുംകുറിച്ച് എതിര്‍പ്പുള്ളവര്‍പോലും അതിന്റെ ഉദ്ദേശ്യശുദ്ധിയെ മാനിച്ചത് അതുകൊണ്ടാവും.

ഗെയിംസ് സംഘാടകസമിതി ചെയര്‍മാനായ സുരേഷ് കല്‍മാഡിക്കെതിരേയാണ് ഏറ്റവും കൂടുതല്‍ വിമര്‍ശനമുണ്ടായത്. സംഘാടനത്തിന്റെ മുഖ്യചുമതലക്കാരന്‍ എന്ന നിലയില്‍ അദ്ദഹത്തിന് ആ വിമര്‍ശനങ്ങള്‍ ഏറ്റെടുത്തേ മതിയാവൂ. എന്നാല്‍, വിമര്‍ശനങ്ങളെ യുക്തിസഹമായി പരിഗണിച്ച് വേണ്ട തിരുത്തലുകള്‍ വരുത്തുന്നതിനു പകരം സ്വയം ന്യായീകരിക്കാനുള്ള ശ്രമമാണ് കല്‍മാഡി നടത്തിയതും ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നതും. സമ്മര്‍ദം ഏറിയപ്പോള്‍ കുറെ ഉദ്യോഗസ്ഥരുടെ തലകള്‍ തെറിച്ചെങ്കിലും സംഘാടനത്തിലെ പോരായ്മകള്‍ വസ്തുതാപരമായി ശരിയാണെന്ന് ബോധ്യപ്പെട്ടിരിക്കുന്നു. ഇക്കാര്യങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരാനും സോണിയാഗാന്ധിതന്നെ നേരിട്ട് പ്രശ്നത്തില്‍ ഇടപെടാനുള്ള സാഹചര്യം സംജാതമാക്കാനും മാധ്യമ ശ്രമങ്ങള്‍ സഹായകമായി.


കോമണ്‍വെല്‍ത്ത് ഗെയിംസ് രാജ്യത്തിന്റെ അഭിമാനപ്രശ്നമാണെന്നും ഇത് ഏതെങ്കിലും വ്യക്തിയുടെയോ പാര്‍ട്ടിയുടെയോ പ്രശ്നമല്ലെന്നും കോണ്‍ഗ്രസ് എംപിമാരുടെ യോഗത്തില്‍ സോണിയാഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു. ഗെയിംസ് ക്രമക്കേടില്‍ ഉള്‍പ്പെട്ടതായി കണ്െടത്തുന്ന ഒരാളെയും വെറുതെ വിടില്ലെന്നും സോണിയ പ്രസ്തുത യോഗത്തില്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നേരിട്ട് ഇക്കാര്യത്തില്‍ ഇടപെട്ട കാര്യവും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഏതായാലും തൊട്ടടുത്ത ദിവസംതന്നെ ഗെയിംസ് നടത്തിപ്പ് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുകയും മേല്‍നോട്ടത്തിനായി ഉന്നത ഉദ്യോഗസ്ഥരുടെ പത്തംഗസമിതിയെ നിയോഗിക്കുകയും ചെയ്തു. നിര്‍ണായകമായ ഘട്ടത്തിലുള്ള ശക്തമായ ഇടപെടലായി അത്.

നിരവധി വിദേശരാജ്യങ്ങള്‍ പങ്കെടുക്കുന്ന ഈ കായികമാമാങ്കം രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുന്നതാണെങ്കിലും നടത്തിപ്പില്‍ പാകപ്പിഴകള്‍ ഉണ്ടായാല്‍ മറിച്ചാവും അനുഭവം. ഇതൊഴിവാക്കാനാണ് ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട ഓരോരുത്തരും ശ്രമിക്കേണ്ടത്. എന്നാല്‍, ഓരോ ഇടപാടിലും അഴിമതി നടത്താനും പണം വെട്ടിക്കാനുമാണ് സംഘാടകസമിതി മത്സരിച്ചത്. ഗെയിംസ് നടക്കാന്‍ ദിവസങ്ങള്‍മാത്രം ശേഷിക്കുമ്പോഴും സ്റേഡിയങ്ങളുടെ പണി പൂര്‍ത്തിയാക്കുന്നതില്‍പോലും സംഘാടകസമിതി വീഴ്ച വരുത്തി. ഇത്തരമൊരു അന്താരാഷ്ട്രമത്സരം നടത്തുമ്പോള്‍ തയാറെടുപ്പുകള്‍ കാലേക്കൂട്ടി നടത്തേണ്ടതുണ്ട്. വേദി കിട്ടുന്നതിനുതന്നെ രാജ്യങ്ങള്‍ വലിയ ലോബിയിംഗ് നടത്തുമ്പോള്‍, കിട്ടിയ അവസരം ഫലപ്രദമായി വിനിയോഗിക്കാന്‍ നമുക്കാവുന്നില്ല എന്നതാണ് കഷ്ടം. രാജ്യത്തിന്റെ ടൂറിസം സാധ്യത ഉള്‍പ്പെടെ ലോകത്തിനുമുന്നില്‍ ഇന്ത്യയുടെ തിളക്കം മെച്ചപ്പെടുത്തുന്നതിനു കിട്ടുന്ന അവസരമാണ് ഇത്തരം അന്താരാഷ്ട്ര മത്സരവേദികള്‍. ഈ തിളക്കം ക്ളാവുപിടിച്ചുപോയാല്‍ വന്നുപോകുന്നവരുടെ മനസില്‍ അത് എന്നും മായാതെ കിടക്കും.

പ്രധാനപ്പെട്ട സ്റേഡിയങ്ങളുടെ നിര്‍മാണ മേല്‍നോട്ടം പത്തംഗസമിതിയിലെ ഓരോ ഉദ്യോഗസ്ഥനുമാണ്. കുറഞ്ഞൊരു സമയത്തിനുള്ളില്‍ കാര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍വഹിക്കപ്പെടേണ്ടിയിരിക്കുന്നു. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് സ്റേഡിയങ്ങള്‍ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ രാഷ്ട്രീയ നേതൃത്വവും ഭരണനേതൃത്വവും വളരെ സുപ്രധാനമായൊരു കായികമത്സരത്തിന്റെ കാര്യത്തില്‍ ഇത്രയേറെ ശ്രദ്ധ പുലര്‍ത്തുന്നു എന്നത് ഗെയിംസിന്റെ ഫലപ്രദമായ നടത്തിപ്പിനെക്കുറിച്ച് പ്രതീക്ഷ പകരുന്നു. ഇതിനിടെ, സംഘാടകസമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡി, താനാണ് ഇപ്പോഴും മുഖ്യസംഘാടകനെന്നും പത്തംഗസമിതി വെറും ഉപദേശകസമിതി മാത്രമാണെന്നുമൊക്കെ അവകാശപ്പെടുന്നുണ്ട്. ഗെയിംസ് നടത്തിപ്പിന്റെ ഇതേവരെയുള്ള പാകപ്പിഴകള്‍ക്ക് എന്തൊക്കെയായാലും കല്‍മാഡി ഉത്തരവാദിതന്നെ. സ്റേഡിയങ്ങളുടെ പണി സമയത്ത് തീര്‍ക്കാത്തതിനും കരാറുകളിലെ കൊളളയ്ക്കും ഇതുവരെ സംഘാടനത്തിന്റെ മുഖ്യചുമതല ഉണ്ടായിരുന്നയാള്‍ എന്ന നിലയില്‍ കല്‍മാഡി ഉത്തരംപറയേണ്ടതാണ്.

ഉന്നതതല ഇടപെടല്‍ വേണ്ടിവന്നെങ്കില്‍ അതിനുള്ള കാരണങ്ങളും ഉണ്െടന്ന് അദ്ദേഹം മനസിലാക്കണം. കായികസംഘടനകളുടെ ഹയരാര്‍ക്കിയുടെ പേരുമാത്രം പറഞ്ഞ് അധികാരം കൈക്കലാക്കാന്‍ ആര്‍ക്കും കഴിയില്ല. ആഗോള സംഘടനകളുമായുളള അഫിലിയേഷന്‍ സാങ്കേതിക പ്രശ്നമായി ഉയര്‍ത്തിക്കാട്ടാമെന്നു മാത്രം. ഇന്ത്യന്‍ കായികലോകം ഇത്തരം സംഘാടകരുടെ രാഷ്ട്രീയക്കളിയില്‍ ഏറെ നഷ്ടങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. കളത്തിലെ കളിയല്ല അവര്‍ക്കു പ്രിയം. ക്രിക്കറ്റിലായായും ഹോക്കിയിലായാലും ഇത്തരം രാഷ്ട്രീയക്കളികള്‍ ഇപ്പോഴും അരങ്ങേറുന്നു. കല്‍മാഡിക്ക് പിന്തുണയുമായി രംഗത്തെത്തിയ പ്രതിപക്ഷത്തെ ചില പ്രമുഖരുടെ ബിസിനസ് താത്പര്യങ്ങളും ഇതിനിടെ വിമര്‍ശനവിധേയമായിട്ടുണ്ട്.

രാഷ്ട്രീയാതിപ്രസരവും സംഘടനകളിലെ ചേരിതിരിവുമൊക്കെ ഗെയിംസിന്റെ നടത്തിപ്പിന് തടസംതന്നെയാണ്. വളരെ ഉയര്‍ന്ന നിലവാരത്തിലുളള സംഘാടനമാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് പോലെയുള്ള മത്സരങ്ങള്‍ക്കു വേണ്ടത്. പ്രഫഷണലിസവും സംഘാടനപാടവവുംപരീക്ഷിക്കപ്പെടുന്ന അവസരങ്ങളാണിത്. ഇത്തരം അവസരങ്ങളില്‍ സുരക്ഷാക്രമീകരണങ്ങളും സുപ്രധാനമാണ്. ഓസ്ട്രേലിയന്‍ നീന്തല്‍ ഇതിഹാസമായ ഡോണ്‍ ഫ്രേസറെപ്പോലെയുള്ളവര്‍ ഗെയിംസിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് ഉയര്‍ത്തിയ ആരോപണങ്ങള്‍ ശരിയല്ലെന്നു തെളിയിക്കാനുള്ള വലിയൊരു ബാധ്യത നമുക്കുണ്ട്. ഇത് രാജ്യത്തിന്റെ അഭിമാനപ്രശ്നമായി എടുക്കാനും തികഞ്ഞ കൃത്യതയോടെയും ഉയര്‍ന്ന നിലവാരത്തിലും ഈ ഗെയിംസ് നടത്താനും ഇന്ത്യക്കു കഴിയണം. ആ വെല്ലുവിളി രാജ്യം ഏറ്റെടുക്കണം.

Reported by Deepika
25th August 2010 10:20:33 AM
Comments for this news
 
Name: Date:
Comments:
 
print Print This Story print Email This Story print Write Comment
 
കൂടുതല്‍ വായിക്കാന്‍
Make Us Your home Page Make Us Your Home page! RSS