Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
മനുഷ്യത്വം മറന്നിട്ടു വേണോ മൃഗസ്നേഹം ?

മൃഗങ്ങളോടു വാത്സല്യവും പരിഗണനയും ഒക്കെ കാട്ടുന്നത് നല്ലതുതന്നെ. എന്നാല്‍, മനുഷ്യനെക്കാള്‍ പ്രാധാന്യം മൃഗങ്ങള്‍ക്കു കിട്ടുന്ന സാഹചര്യം അഭിലഷണീയമല്ല. വളര്‍ത്തുമൃഗങ്ങള്‍ വീട്ടിലും പരിസരത്തുമാണു കഴിയേണ്ടത്. അതിനെ പരിപാലിക്കേണ്ട ചുമതല വളര്‍ത്തുന്നവര്‍ക്കുണ്ട്. വഴിപോക്കര്‍ക്കു ഭീഷണിയായി മാറുന്ന വളര്‍ത്തുമൃഗങ്ങളുടെ ബാഹുല്യം വലിയൊരു സാമൂഹ്യപ്രശ്നമായി മാറിയിരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ആലപ്പുഴയിലും കേരളത്തിലെ മറ്റു പല പ്രദേശങ്ങളിലും വ്യാപകമായി പിഞ്ചുകുട്ടികളും വിദ്യാര്‍ഥികളുമൊക്കെ നായ്ക്കളുടെ ആക്രമണത്തിനിരയായി.

ആലപ്പുഴ ജില്ലയിലെ ചാരുംമൂട്ടില്‍ വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന മൂന്നര വയസുകാരന്റെ മുഖം പേപ്പട്ടി കടിച്ചുകീറയത് കഴിഞ്ഞ മാസമാണ്. ഗുരുതരാവസ്ഥയിലായ ബാലന്റെ മുഖത്ത് നിരവധി തുന്നിക്കെട്ടുകള്‍ വേണ്ടിവന്നു. ഈ പ്രദേശത്ത് മൂന്നു ദിവസത്തിനിടെ മുപ്പതോളം പേരാണ് പേപ്പട്ടികടിയേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഈ സംഭവം നടന്ന് മൂന്നാംദിവസമാണ് പുന്നപ്രയില്‍ പിഞ്ചു ബാലികയുടെ മുഖം പേപ്പട്ടി കടിച്ചുപറിച്ചത്. ചേര്‍ത്തലയില്‍ ബസ് കാത്തുനിന്ന വീട്ടമ്മയെ പേപ്പട്ടി കടിച്ച സംഭവവും സമീപദിവസമാണുണ്ടായത്. ആലപ്പുഴ സക്കറിയാ ബസാറിലെ ഇറച്ചിക്കടയ്ക്കു സമീപം വച്ച് സ്കൂള്‍ വിട്ടുവന്ന രണ്ടുകുട്ടികളെ പട്ടി കടിച്ചുകീറിയതും കഴിഞ്ഞ ദിവസം. ഇപ്രകാരം എത്രയോ സംഭവങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറുന്നത്. പലതും വാര്‍ത്തകളില്‍ സ്ഥാനംപിടിക്കുന്നില്ലെന്നുമാത്രം.

അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളെ തദ്ദേശസ്വയംഭരണസ്ഥാപന അധികൃതര്‍ ഉന്മൂലനം ചെയ്യുന്നതു നിര്‍ത്തിവച്ചതാണ് തെരുവുനായ്ക്കളുടെ ശല്യം വര്‍ധിക്കാനുള്ള പ്രധാന കാരണം. മൃഗസ്നേഹികള്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലുള്ള കോടതി ഉത്തരവുമൂലമാണ് ഇപ്പോള്‍ തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യാനാവാത്തതെന്നാണ് മുനിസിപ്പല്‍, പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. വന്ധീകരണത്തിനുള്ള അനുമതി ഉണ്െടങ്കിലും പഞ്ചായത്തുകളോ മുനിസിപ്പാലിറ്റികളോ അതിനുള്ള സംവിധാനം ഒരുക്കിയിട്ടുമില്ല.

മൃഗങ്ങളെ വളര്‍ത്താനും പരിപാലിക്കാനും താത്പര്യമുള്ളവര്‍ക്ക് അതിനു യാതൊരു തടസവുമില്ല. എന്നാല്‍, മനുഷ്യരുടെ ജീവന് ഭീഷണി ഉയര്‍ത്തിക്കൊണ്ട് മൃഗങ്ങളെ കയറൂരി വിടുന്നതും തെരുവില്‍ വിളയാടാന്‍ അനുവദിക്കുന്നതും ആശാസ്യമല്ല. കേരളത്തിലെ ഒട്ടുമിക്ക നഗരങ്ങളിലും തെരുവുനായ്ക്കളെ ഭയന്ന് നടക്കാന്‍ പാടില്ലാത്ത അവസ്ഥയാണ്, പ്രത്യേകിച്ചും രാത്രികാലങ്ങളില്‍. തെരുവുവിളക്കുകളില്ലാത്ത വഴികളില്‍ തലങ്ങും വിലങ്ങും ചാടുന്ന തെരുവുനായ്ക്കള്‍ ഇരുചക്രവാഹന യാത്രക്കാരെ പലപ്പോഴും അപടകത്തില്‍ പെടുത്തുന്നു. മൃഗജീവനു നല്‍കുന്ന വിലപോലും മനുഷ്യജീവനു നല്‍കാത്തവര്‍ സമൂഹത്തിന് ആപത്താണ്.

നമ്മുടെ പൊതുനിരത്തുകള്‍ പലതും രാത്രികാലങ്ങളില്‍ മാലിന്യം നിക്ഷേപിക്കാനുള്ള സ്ഥലമായി മാറിയതാണ് ഇതിനൊരു പ്രധാനകാരണം. വിജനമായ സ്ഥലത്ത് വാഹനങ്ങളില്‍ മാലിന്യങ്ങള്‍ കൊണ്ടുവന്ന് തള്ളുന്നത് പതിവായിട്ടുണ്ട്. കോഴിയുടെയും അറവുമാടുകളുടെയും അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നിടത്താണ് തെരുവുനായ്ക്കള്‍ കൂട്ടംകൂടി എത്തുന്നത്. ചോരയും മാംസവും നായ്ക്കള്‍ക്ക് പ്രിയപ്പെട്ടതാകയാല്‍ ഇവിടെ നായ്ക്കള്‍ സംഘംചേര്‍ന്ന് കടിപിടികൂടുമ്പോള്‍ അതുവഴി കടന്നു പോകുന്ന ഇരുചക്രവാഹനയാത്രക്കാരും അവയുടെ ആക്രമണത്തിനു വിധേയരാകുന്നു. ഇതുമൂലം നിയന്ത്രണംവിട്ട് വാഹനം മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്നതും നിത്യസംഭവം.

'പേട്ട' പോലെയുളള സംഘടനകള്‍ മൃഗങ്ങളുടെ അവകാശസംരക്ഷണത്തിനായി നിലകൊള്ളുന്നവയാണ്. മൃഗങ്ങളോടുളള ക്രൂരത തീര്‍ച്ചയായും എതിര്‍ക്കപ്പെടേണ്ടതും അവസാനിപ്പിക്കേണ്ടതുമാണ്. പക്ഷേ, അതു മനുഷ്യനെ പേപ്പട്ടികള്‍ക്കു വിട്ടുകൊടുത്തുകൊണ്ടാകരുത്. മൃഗങ്ങളെ സംരക്ഷിക്കുന്നതും അവയ്ക്ക് ന്യായമായ പരിചരണം നല്‍കുന്നതും നല്ലതുതന്നെ. പക്ഷേ, മനുഷ്യനെ മറന്നുള്ള മൃഗസ്നേഹം ആപത്താണ്. പൊതുജീവിതത്തിനു ഭീഷണി ഉയര്‍ത്തുന്ന മനുഷ്യരെപ്പോലും നിയമം ജയിലിലാണ് പാര്‍പ്പിക്കാറുള്ളത്. അവിടെയും മനുഷ്യത്വമാണു മാനിക്കപ്പെടുന്നത്. വളര്‍ത്തുമൃഗങ്ങളെ തെരുവില്‍ അഴിച്ചുവിടാന്‍ ആരെയും അനുവദിക്കരുത്. മനുഷ്യജീവികളെ മാറ്റിനിര്‍ത്തിയുള്ള മൃഗസ്നേഹം നമുക്കു വേണ്ട. ഈ ദിവസങ്ങളില്‍ മൃഗങ്ങളുടെ ക്രൂരമായ ആക്രമണത്തിനു വിധേയരായവരില്‍ കൂടുതലും പിഞ്ചുകുട്ടികളും സ്ത്രീകളുമാണെന്നതും മറക്കരുത്. ആദ്യം മനുഷ്യനും മനുഷ്യത്വവും സംരക്ഷിക്കപ്പെടട്ടെ.

Reported by Deepika
21st August 2010 09:44:26 AM
Comments for this news
 
Name: Date:
Comments:
 
print Print This Story print Email This Story print Write Comment
 
കൂടുതല്‍ വായിക്കാന്‍
Make Us Your home Page Make Us Your Home page! RSS