Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
നോക്കുകൂലിക്ക് ചേര്‍ത്തല മരുന്ന്

നോക്കുകൂലി എന്ന ദുര്‍ഭൂതത്തെ കുടത്തിലടയ്ക്കാന്‍ നാട്ടുകാര്‍തന്നെ സംഘടിച്ചുവെന്നതാണ് ഈ ഓണക്കാലത്തു കേരളം കേട്ട ഏറ്റവും പ്രോല്‍സാഹജനകമായ വാര്‍ത്ത. രാഷ്ട്രീയ പാര്‍ട്ടികള്‍ നയിക്കുന്ന സംഘടനകളുടെ പേശീബലത്തിനും മുട്ടാപ്പോക്കിനും മൌലികമായ അവകാശം അടിയറവയ്ക്കില്ലെന്ന നാട്ടുകാരുടെ പ്രഖ്യാപനമല്ലേ നോക്കുകൂലിക്കുനേരെയുണ്ടായ ഗംഭീര മറുപടി? മൊബൈല്‍ ടവര്‍ നിര്‍മാണത്തിനു തമിഴ്നാട്ടില്‍നിന്നു ലോറിയില്‍ കൊണ്ടുവന്ന സാമഗ്രികള്‍ ഇറക്കുന്നതിനു ചേര്‍ത്തല നെടുമ്പ്രക്കാട്ട്, യൂണിയന്‍ തൊഴിലാളികള്‍ ആവശ്യപ്പെട്ടതു രണ്ടുലക്ഷം രൂപ. ലോറി അവര്‍ തടഞ്ഞിടുകയും ചെയ്തു. എന്നാല്‍, നാട്ടുകാര്‍ സംഘടിച്ചു 30,000 രൂപയ്ക്കു സാധനങ്ങള്‍ ഇറക്കിക്കൊടുത്തു. അതിനു പൊലീസിന്റെ  ലഭിച്ചു. സാമൂഹികഭീഷണിയായ നോക്കുകൂലിരോഗത്തിനുള്ള മറുമരുന്നു കുറിക്കുന്ന ചേര്‍ത്തലമാതൃക നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കുമെല്ലാം പ്രചോദനമാകുകതന്നെ വേണം.

കേരളത്തില്‍ വ്യാപകമായി ഈടാക്കുന്ന നോക്കുകൂലി എന്ന നിയമവിരുദ്ധ പ്രവണത അടുത്തകാലത്തു പുതിയ പേരുകളും പുതിയ രൂപങ്ങളും സ്വീകരിച്ചതും ചെയ്യാത്ത പണിക്കുള്ള നിരക്കു ലക്ഷങ്ങളായി ഉയര്‍ന്നതും ജനങ്ങളെ ശ്വാസംമുട്ടിക്കുന്നതായിരുന്നു. വിയര്‍ക്കാതെ കിട്ടുന്ന നോട്ടെണ്ണാന്‍ ഉത്സവബത്ത, കണ്‍വീനര്‍ തച്ചുകൂലി എന്നിങ്ങനെ പല അടവുകളും യൂണിയനുകള്‍ കണ്ടുപിടിച്ചുപോന്നു. ഇക്കാര്യത്തില്‍ കൊടിനിറം നോക്കാതെ മിക്ക യൂണിയനുകളും ഒത്തിണങ്ങി സംഘടിത കൊള്ളയാണു നടത്തിവന്നത്. ജോലിചെയ്തതു ടിപ്പറായാലും    ക്രെയിനായാലും നോക്കുകൂലി വാങ്ങുന്നവര്‍, തടിപിടിക്കുന്ന ആനയെ നോക്കി രസിച്ചതിനും തടിയുടെ പേരില്‍ പണം പിടുങ്ങി.

ഇപ്പോള്‍ സാധനങ്ങളുടെ വിലകൂടി നോക്കുകൂലി കണക്കാക്കുന്നതില്‍ കടന്നുവന്നിരിക്കുന്നു. ഈ ചൂഷണവ്യവസ്ഥയ്ക്കു വ്യാപാരി - വ്യവസായികളും കച്ചവടക്കാരുമാണ് വന്‍ ഇരകളെങ്കിലും അവര്‍ കൊടുക്കുന്ന നോക്കുകൂലി ജനങ്ങളുടെ ചുമലില്‍ത്തന്നെയാണ് ആത്യന്തികമായി വന്നുചേരുക. അതേസമയം, സാധാരണക്കാരായ ജനങ്ങള്‍ വീടുമാറ്റത്തിലോ നിര്‍മാണത്തിലോ സംഘടിതശക്തിക്കു മുന്നില്‍ നിസ്സഹായം വഴങ്ങേണ്ടിവരുന്നതിന്റെ ഫലമായി അനുഭവിക്കുന്ന സാമ്പത്തികനഷ്ടവും മനക്ളേശവും ആരും കണക്കാക്കിയിട്ടില്ല.

നോക്കുകൂലിക്കെതിരെ ഏറ്റവും ശക്തമായി പ്രതികരിച്ചതു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനായിരുന്നു. ജോലിചെയ്യുന്നവനാണു കൂലിയെന്നും നോക്കിനില്‍ക്കുന്നവനല്ലെന്നും അദ്ദേഹം തുറന്നടിച്ചപ്പോള്‍, നോക്കുകൂലി നാടിനെ വിട്ടുപോയേക്കുമെന്ന പ്രതീക്ഷയിലായി നാട്ടുകാര്‍. തൊഴിലാളികള്‍ നോക്കുകൂലി വാങ്ങിയാല്‍ നേതാക്കള്‍ ഇടപെട്ടു പണം തിരിച്ചുകൊടുക്കണമെന്നുവരെ സിഐടിയു നേതൃത്വത്തില്‍ തീരുമാനവുമുണ്ടായി. ഒരു വീട്ടുടമയില്‍നിന്നു നോക്കുകൂലി വാങ്ങുകയും വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ കൊടുക്കാതിരുന്നതിന്റെ പേരില്‍ സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്ത തൊഴിലാളികളെ പത്തനംതിട്ടയില്‍ എഐടിയുസി പുറത്താക്കുകയും ചെയ്തു. എന്നാല്‍, ഇക്കാര്യത്തില്‍ സ്ഥായിയായ ആത്മാര്‍ഥത ഒരു പാര്‍ട്ടിയും യൂണിയനും കാണിക്കുന്നില്ല എന്നതാണു നിര്‍ഭാഗ്യകരം. അതു മൌനാനുവാദമായി തൊഴിലാളികള്‍ വ്യാഖ്യാനിക്കുകയും ചെയ്യുന്നു.

തൊഴില്‍ സംസ്കാരത്തിനു ചീത്തപ്പേരുണ്ടാക്കുന്ന ഈ പകല്‍ക്കൊള്ള അവസാനിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്തുകൊണ്ട് ആര്‍ജവം കാണിക്കുന്നില്ല? ജനവികാരം ശക്തമാവുകയും തിരഞ്ഞെടുപ്പുകള്‍ അടുത്തുവരികയും ചെയ്യുന്ന വേളകളില്‍ ജനങ്ങളെ സുഖിപ്പിക്കാന്‍ മാത്രം ചില പ്രസ്താവനകള്‍ നടത്തി നേതാക്കന്മാര്‍ക്ക് എത്രകാലം രക്ഷപ്പെടാന്‍ കഴിയും? ന്യായമായ കൂലി ഉറപ്പാക്കുന്നതും, അതേസമയം വ്യാപാരി - വ്യവസായി സമൂഹത്തിന്റെയും നാട്ടുകാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതുമായ ചുമട്ടുതൊഴിലാളി നിയമം കഴിഞ്ഞ ഐക്യജനാധിപത്യ മുന്നണി സര്‍ക്കാര്‍ പാസാക്കിയിരുന്നു. ഇടതുസര്‍ക്കാര്‍ അധികാരമേറ്റയുടന്‍തന്നെ ആ നിയമം അട്ടത്തുവയ്ക്കാന്‍ തീരുമാനിച്ചുകൊണ്ട് അരാജകത്വത്തിനു വഴിതെളിച്ചശേഷമാണ് ഇടതു നേതാക്കള്‍ നോക്കുകൂലിയെക്കുറിച്ചു കുമ്പസാരിക്കുന്നത്. നിയമം കൊണ്ടുവന്ന ഐക്യജനാധിപത്യ കക്ഷികളാകട്ടെ, നിയമത്തോടു വേണ്ടരീതിയില്‍ പ്രതിബദ്ധത കാട്ടിയുമില്ല.

സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ നേതാക്കള്‍ സത്യസന്ധമായ ആത്മാര്‍ഥതയോടെ മുന്നിട്ടിറങ്ങിയാല്‍ കണ്ണടച്ചു തുറക്കുന്നതിനിടയില്‍ത്തന്നെ നോക്കുകൂലി അപ്രത്യക്ഷമാകുമെന്നു തീര്‍ച്ച. ചേര്‍ത്തലക്കാരുടെ പ്രതികരണം രാഷ്ട്രീയ പാര്‍ട്ടികളെ വിവേകത്തിലേക്കും വീണ്ടുവിചാരത്തിലേക്കും നയിക്കേണ്ടിയിരിക്കുന്നു. നോക്കുകൂലി എന്ന ഭീഷണി ഉയരുന്നിടത്തെല്ലാം ബന്ധപ്പെട്ടവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പൊലീസ് എത്തുകയും വേണം. നോക്കുകൂലി തര്‍ക്കത്തില്‍ പൊലീസിന് ഇടപെടാനുള്ള അവകാശം ചുമട്ടുതൊഴിലാളി നിയമത്തില്‍നിന്നു പൂര്‍ണമായും എടുത്തുകളഞ്ഞ ഇടതു സര്‍ക്കാര്‍ ജനങ്ങളുടെ അവകാശ പുനഃസ്ഥാപനം മാനിച്ച് ആത്മാര്‍ഥത തെളിയിക്കട്ടെ. ന്യായവും അര്‍ഹവുമായ കൂലി നല്‍കാന്‍ നാട്ടുകാര്‍ സന്നദ്ധരാണ്. അതേസമയം, ഈ കൊള്ള ഇനി നടപ്പില്ലെന്ന് അവര്‍ പ്രവൃത്തിയിലൂടെ പ്രതികരിച്ചുതുടങ്ങുമ്പോള്‍ ആ ജനശക്തിക്കു മുന്നില്‍ നോക്കുകൂലിക്കാര്‍ക്കു കീഴടങ്ങിയേപറ്റൂ. ചേര്‍ത്തല തരുന്നത് അങ്ങനെയൊരു പ്രതീക്ഷയാണ്.

Reported by Manorama
21st August 2010 09:41:05 AM
Comments for this news
 
Name: Date:
Comments:
 
print Print This Story print Email This Story print Write Comment
 
കൂടുതല്‍ വായിക്കാന്‍
Make Us Your home Page Make Us Your Home page! RSS