Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
വെടിനിര്‍ത്തല്‍ സാധ്യത ആരായണം

അക്രമത്തിന്റെ പാത വെടിഞ്ഞു ചര്‍ച്ചയ്ക്കു തയ്യാറാവണമെന്ന രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും നിര്‍ദേശത്തോട് അനുകൂല പ്രതികരണമാണ് മാവോവാദി നേതാവ് കിഷന്‍ജിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ഇതൊരു അവസരമായെടുത്ത് സമാധാനസംഭാഷണങ്ങള്‍ക്കു തുടക്കംകുറിക്കാന്‍ കഴിഞ്ഞാല്‍ രാജ്യം നേരിടുന്ന വലിയ ആഭ്യന്തരപ്രശ്നങ്ങളിലൊന്നിനുള്ള പരിഹാരത്തിലേക്കു വഴിതുറക്കലായിരിക്കും അതെന്നതില്‍ സംശയമില്ല. കേന്ദ്രസര്‍ക്കാര്‍ വെടിനിര്‍ത്തലിനു തയ്യാറായാല്‍ തങ്ങളുമതിനു സന്നദ്ധമാണെന്ന സന്ദേശമാണ് കഴിഞ്ഞ ദിവസം കിഷന്‍ജി മാധ്യമങ്ങളിലൂടെ നല്‍കിയത്. ചില നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ടുവയ്ക്കുന്നുണ്ട്. മൂന്നുമാസത്തെ വെടിനിര്‍ത്തലാണ് അതിലൊന്ന്. സമാധാനചര്‍ച്ചകള്‍ക്കു മാധ്യസ്ഥ്യം വഹിക്കാന്‍ കഴിയുന്ന വ്യക്തികളുടെ ഒരു പാനലും മുന്നോട്ടുവയ്ക്കുന്നുണ്ട്. മമതാ ബാനര്‍ജി, മേധാ പട്കര്‍, സ്വാമി അഗ്നിവേശ്, അരുന്ധതി റോയ്, ബി ഡി ശര്‍മ, ഗൌതം നവ്ലാഖ, കബീര്‍ സുമന്‍ എം.പി തുടങ്ങിയ പേരുകളാണു പാനലിലുള്ളത്.

തീര്‍ച്ചയായും ഇതൊരവസരമാണ്. ആദിവാസികള്‍ ചൂഷണം ചെയ്യപ്പെടുകയും സ്വന്തം ആവാസകേന്ദ്രങ്ങളില്‍നിന്ന് ആട്ടിയോടിക്കപ്പെടുകയും ചെയ്യുന്നുവെന്ന യാഥാര്‍ഥ്യത്തിനു നേരെ കണ്ണടയ്ക്കാനാവില്ല. ഇതാണു സായുധസമരത്തിന്റെ അടിസ്ഥാനഹേതു. കിഷന്‍ജി തന്നെ പറയുന്നത്, സര്‍ക്കാരാണു തങ്ങളെ ആയുധമെടുക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ്. ഇതിലെ ശരിതെറ്റുകളല്ല ഇവിടെ പ്രശ്നം. അടിച്ചമര്‍ത്തപ്പെട്ട ഒരു വിഭാഗത്തിന്റെ ആവശ്യങ്ങള്‍ക്കുവേണ്ടി പ്രക്ഷോഭം നടത്തുന്നവര്‍ തങ്ങള്‍ ചര്‍ച്ചയ്ക്കും സമാധാന നടപടികള്‍ക്കും അനുകൂലമാണെന്നു പ്രഖ്യാപിക്കുമ്പോള്‍ അതിനെ രണ്ടു കൈയും നീട്ടി സ്വീകരിക്കാന്‍ നമുക്കു കഴിയണം. വെടിനിര്‍ത്തല്‍ നടക്കാതെപോയാല്‍ ആദിവാസികള്‍ തുടര്‍ന്നും ദുരിതം അനുഭവിക്കേണ്ടിവരും. സൈന്യത്തിനും മാവോവാദികള്‍ക്കുമിടയില്‍ കഷ്ടപ്പെടുന്ന ആദിവാസികളെക്കുറിച്ചു ചിന്തിക്കാന്‍ സര്‍ക്കാരും ബാധ്യസ്ഥമാണ്.

കിഷന്‍ജിയുടെ വാക്കുകളില്‍ ആത്മാര്‍ഥത സ്ഫുരിക്കുന്നുണ്െടന്നു തന്നെയാണു മനസ്സിലാക്കേണ്ടത്. ചര്‍ച്ചയ്ക്കു തയ്യാറാവണമെന്ന് ആഹ്വാനം ചെയ്യുന്ന പ്രധാനമന്ത്രി തന്നെ സുരക്ഷാസംവിധാനങ്ങള്‍ വിപുലപ്പെടുത്തുമെന്നു പറയുന്നതിനെ കിഷന്‍ജി വിമര്‍ശിക്കുന്നത് ഉള്ളില്‍ത്തട്ടിയാണെങ്കില്‍ അതൊരു ശുഭലക്ഷണമാണ്. ഈയിടെ പോലിസ് കൊലപ്പെടുത്തിയതായി പറയുന്ന മാവോവാദിനേതാവ് ആസാദ് സമാധാനശ്രമങ്ങള്‍ക്കു കളമൊരുക്കുന്ന പ്രവര്‍ത്തനങ്ങളിലായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ആസാദിന്റെ കൊലപാതകത്തോടെ സമാധാനനീക്കങ്ങള്‍ക്കാണു തിരിച്ചടിയുണ്ടായത്. കിഷന്‍ജി അതിനു സര്‍ക്കാരിനെയാണു കുറ്റപ്പെടുത്തുന്നത്. എന്തായാലും സമാധാനകാംക്ഷികള്‍ക്കും രാജ്യത്തിന്റെ ഭദ്രതയില്‍ ഉല്‍ക്കണ്ഠപ്പെടുന്നവര്‍ക്കും ആദിവാസിപ്രശ്നങ്ങള്‍ പരിഹൃതമാവണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കുമെല്ലാം കിഷന്‍ജിയുടെ വാക്കുകള്‍ സന്തോഷം പകരുന്നതാണ്. സര്‍ക്കാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നുപ്രവര്‍ത്തിക്കുമെന്നാണു പ്രതീക്ഷ.

Reported by Thejas
21st August 2010 09:35:34 AM
Comments for this news
 
Name: Date:
Comments:
 
print Print This Story print Email This Story print Write Comment
 
കൂടുതല്‍ വായിക്കാന്‍
Make Us Your home Page Make Us Your Home page! RSS