Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
അവര്‍ ഒരുമിച്ചാല്‍...

കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച രണ്ടു സുപ്രധാന ബില്ലുകള്‍ പാര്‍ലമെന്ററി ജനായത്തത്തിന്റെ ദൗര്‍ബല്യത്തിലേക്ക് സൂചന നല്‍കുന്നു. എം.പിമാരുടെ ശമ്പളവും അലവന്‍സുകളും കുത്തനെ  ഉയര്‍ത്തിക്കൊണ്ടുള്ളതാണ് ഒന്ന്. മറ്റേത്, ആണവദുരന്തം സംഭവിച്ചാല്‍ നല്‍കേണ്ട നഷ്ടപരിഹാരത്തെ സംബന്ധിച്ചതും. ഭരണകക്ഷികളും മുഖ്യപ്രതിപക്ഷമായ ബി.ജെ.പിയും രണ്ടു ബില്ലിന്റെയും കാര്യത്തില്‍ യോജിപ്പിലെത്തിയിരിക്കുന്നു. ജനപ്രതിനിധികളുടെ വേതനം ഉയര്‍ത്താനുള്ള ബില്‍ ഏതാനും ദിവസംമുമ്പ് ലോക്‌സഭയില്‍ അവതരിപ്പിക്കുമെന്ന് കരുതിയിരുന്നു. അത് മാറ്റിവെച്ചത് ജനങ്ങള്‍ വിലക്കയറ്റമടക്കമുള്ള ദുരിതങ്ങളനുഭവിക്കുന്ന സമയത്ത് ഇത് ഉചിതമല്ല എന്നു പറഞ്ഞായിരുന്നു. ആ ദുരിതങ്ങള്‍ ഒട്ടും കുറഞ്ഞിട്ടില്ലെങ്കിലും എം.പിമാരുടെ തിടുക്കവും സമ്മര്‍ദവും ചെറുക്കാന്‍ സര്‍ക്കാറിനായില്ല.  ആണവ ബാധ്യതാ ബില്ലിന്റെ കാര്യത്തിലാകട്ടെ ബി.ജെ.പി കടുത്ത എതിര്‍പ്പാണ് മുമ്പ് ഉയര്‍ത്തിയിരുന്നത്. ഇപ്പോള്‍ അടിസ്ഥാനപരമല്ലാത്ത ചില മാറ്റങ്ങള്‍ വരുത്തിയതോടെ അവര്‍ ബില്ലിനെ അനുകൂലിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. സുതാര്യമായ ചര്‍ച്ചകളോ കൂടിയാലോചനകളോ അല്ല, അന്തപ്പുര ധാരണകളും അണിയറ തന്ത്രങ്ങളുമാണ് നിയമങ്ങളുടെ വിധിനിര്‍ണയിക്കുന്നത് എന്നര്‍ഥം.

ആണവാപകടബാധ്യതാ ബില്ലിലെ മാറ്റങ്ങള്‍ ശ്രദ്ധിക്കുന്ന ആരെയും ബി.ജെ.പിയുടെ കരണംമറിച്ചില്‍ അമ്പരപ്പിക്കും. ആണവദുരന്തമുണ്ടായാല്‍ മനുഷ്യര്‍ക്കും പ്രകൃതിക്കും സമ്പദ്‌മേഖലക്കും കടല്‍ - വായുമേഖലകള്‍ക്കും വരാവുന്ന നാശനഷ്ടങ്ങള്‍ക്കുനല്‍കേണ്ട പരിഹാരത്തുക 1500 കോടി രൂപയായി ഉയര്‍ത്തിയതാണ് പ്രധാനമാറ്റം. പരിധികല്‍പിക്കാനാകാത്ത നാശനഷ്ടങ്ങള്‍ക്ക് നല്‍കേണ്ട പരിഹാരത്തില്‍ ഏതുപരിധിയും അന്യായമാണെന്നിരിക്കെ, നാശസാധ്യതയുമായി തട്ടിച്ചാല്‍  ഇപ്പോഴും നിസ്സാരമെന്നു പറയേണ്ട 1500 കോടികൊണ്ട് ബി.ജെ.പി തൃപ്തിപ്പെട്ടിരിക്കുന്നു. മാത്രമല്ല, ആരുടെയോ നിരുത്തരവാദിത്തംകൊണ്ടുണ്ടാവുന്ന നാശനഷ്ടങ്ങള്‍ക്കും പരിഹാരത്തുക നല്‍കേണ്ടത് സര്‍ക്കാര്‍ - അഥവാ ജനങ്ങള്‍ - ആണ്. നടത്തിപ്പുകാരന്‍ നല്‍കേണ്ടതും അതിനപ്പുറം സര്‍ക്കാര്‍ നല്‍കേണ്ടതും വകതിരിച്ചിട്ടുണ്ടെങ്കിലും ഇവിടെ നടത്തിപ്പുകാരന്‍ സര്‍ക്കാര്‍ തന്നെ ആകയാല്‍ അതിലര്‍ഥമില്ല. ആണവസാമഗ്രി ദാതാക്കളുടെ ബാധ്യതയെപ്പറ്റിയുള്ള അവ്യക്തത തീര്‍ന്നിട്ടില്ല. വിദേശ സ്വകാര്യ ദാതാക്കളുടെ ബാധ്യത വളരെ പരിമിതിപ്പെടുത്താതെ അമേരിക്കക്ക് തൃപ്തിവരില്ലെന്ന് മുമ്പേ വ്യക്തമായതാണ്. ഉപകരണങ്ങളുടെ തകരാറുകൊണ്ടോ സേവനത്തിന്റെ പോരായ്മകൊണ്ടോ അപകടമുണ്ടായാല്‍ അതിന് കാരണക്കാരായ ദാതാക്കളില്‍നിന്ന് പരിഹാരം ഈടാക്കാന്‍ വ്യവസ്ഥചേര്‍ത്തിട്ടുണ്ട്. എന്നാല്‍, അപകടമുണ്ടായാല്‍ അത് നടത്തിപ്പുകാരന്റെ പിഴവുകൊണ്ടോ സാമഗ്രി- സേവന ദാതാവിന്റെ കുഴപ്പംകൊണ്ടോ എന്ന് തീരുമാനിക്കുന്നത് അതി സങ്കീര്‍ണവും കാലതാമസം വരുത്തുന്നതുമായ പ്രക്രിയയാകാനാണ് സാധ്യത. ഇനിയും ഭോപാലുകള്‍ ഉണ്ടാകുമെന്നും അപ്പോള്‍ വിദേശ പങ്കാളികള്‍ക്ക് രക്ഷപ്പെടാന്‍ വേണ്ടത്ര പഴുതുകളുണ്ടെന്നും വിദഗ്ധര്‍ നിരന്തരം ഓര്‍മിപ്പിക്കുമ്പോഴാണ്  ഏറെ തിരക്കിട്ട് നിയമം ചുട്ടെടുക്കാന്‍ പോകുന്നത്. ആണവബാധ്യതയെപ്പറ്റി രാജ്യത്ത് നിര്‍മിക്കുന്ന ആദ്യ നിയമം പഴുതുകളില്ലാത്തതാവേണ്ടിയിരുന്നു. എന്നാല്‍, അങ്ങനെ ഒരു വാശിയുംവേണ്ടെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും മറ്റും ഇപ്പോള്‍ ധാരണയിലെത്തിയിരിക്കുന്നു.

ആണവബില്‍ ഏതുവിധേനയും പാസാക്കിയെടുക്കാന്‍ സര്‍ക്കാര്‍ പ്രതിപക്ഷത്തോട് വിലപേശുന്നത് ഇത് രണ്ടാംതവണയാണ്. ഇന്ത്യ- യു.എസ് ആണവകരാറിനെ ഇടതുപക്ഷം എതിര്‍ക്കുമെന്നും അത് പാര്‍ലമെന്റില്‍ പാസാകില്ലെന്നും വന്ന സമയത്ത് മുലായമിനെപ്പോലുള്ളവര്‍ നാടകീയമായി ചുവടുമാറ്റിയാണ് ആ ബില്‍ പാസായത്. ഇപ്പോള്‍ ബി.ജെ.പിയുടെ നിലപാടുമാറ്റവും അതിനാടകീയമാണ്. 'സി.ബി.ഐയുടെ കളികള്‍' അവസാനിപ്പിക്കാതെ ബില്‍ പാസാക്കാനാവുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് ബി.ജെ.പി നേതൃത്വം  പരസ്യമായി മുന്നറിയിപ്പുകൊടുത്തിരുന്നു. സൊഹ്‌റാബുദ്ദീന്‍ കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി സി.ബി.ഐ അന്വേഷണത്തിന് വിധേയനാകുമെന്ന് വന്നപ്പോഴായിരുന്നു അത്. സി.ബി.ഐ പ്രശ്‌നം ഉയര്‍ത്തിത്തന്നെയാണ് ബി.ജെ.പി പ്രധാനമന്ത്രിയുടെ വിരുന്ന് ബഹിഷ്‌കരിച്ചതും. ഇപ്പോള്‍ ബി.ജെ.പി ബില്ലിനെ പിന്തുണക്കുന്നു. ഈ നിലപാടുമാറ്റത്തിനു തൊട്ടുമുമ്പാണ് മോഡിക്കെതിരായ നീക്കങ്ങളില്‍നിന്ന് സി.ബി.ഐ പിന്മാറിയത്. ഇത് രണ്ടും തമ്മില്‍ ബന്ധമില്ലെന്ന് കരുതാന്‍ ഒരു ന്യായവുമില്ല -പ്രത്യേകിച്ച് തങ്ങളുടെ പിന്തുണക്ക്  ഉപാധിയായി സി.ബി.ഐയുടെ പിന്മാറ്റം ബി.ജെ.പി ഉയര്‍ത്തിയിരുന്നു എന്നതിനാല്‍. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും മുഖ്യകക്ഷികള്‍ ധാരണയിലെത്തിയാല്‍ ഏത് ജനവിരുദ്ധനിയമവും നിര്‍മിക്കാനാവുമെന്ന് ഒരിക്കല്‍കൂടി തെളിയിക്കപ്പെടുകയാണ്. അത്തരം ധാരണ, പരസ്‌പരം സ്വാര്‍ഥതാല്‍പര്യങ്ങള്‍ വകവെച്ചുകൊടുത്ത് ഉണ്ടാക്കാവുന്നതാണെന്നും. ജനതാല്‍പര്യം സംരക്ഷിക്കേണ്ട പാര്‍ലമെന്റ് ജനവിരുദ്ധതയുടെ ഉപകരണമാകുന്നു എന്നതാണ് ഇതിന്റെ ഫലം.

എം.പിമാരുടെ ശമ്പളം വര്‍ധിപ്പിച്ചതിലും ഇതേ ജനവിരുദ്ധ കൂട്ടായ്മയുടെ കൂടുതല്‍ വിശാലമായ രൂപം കാണാം. എം.പിമാര്‍ തന്നെ സ്വന്തം ശമ്പളം തീരുമാനിക്കുന്നത് അധാര്‍മികമാണെന്ന് മുന്‍ സ്‌പീക്കര്‍ സോമനാഥ് ചാറ്റര്‍ജി ചൂണ്ടിക്കാട്ടിയിരുന്നു. അതിന് സ്വതന്ത്രമായ മറ്റൊരു നടപടിക്രമം വേണം. എം.എല്‍.എമാരുടെ ശമ്പളവും ഇപ്പോള്‍ തീരുമാനിക്കുന്നത് എം.എല്‍.എമാര്‍ തന്നെയാണ്. ഇത്തരം സാഹചര്യത്തില്‍ എന്ത് സംഭവിക്കാമോ അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. 16,000 രൂപ ആയിരുന്ന എം.പിയുടെ അടിസ്ഥാന ശമ്പളം ഇപ്പോള്‍ 50,000 രൂപയായി. ഓഫിസ് ചെലവുകള്‍ക്കുള്ള 20,000 രൂപ ഇരട്ടിയായി. വാഹനം വാങ്ങാനുള്ള പലിശരഹിത വായ്പ നാലിരട്ടിയാക്കി നാലുലക്ഷം രൂപയിലെത്തി. യാത്രാ നിരക്കും കൂടി. എം.പിയുടെ ഭാര്യക്ക്/ഭര്‍ത്താവിന് എക്‌സിക്യൂട്ടിവ് ക്ലാസില്‍ എത്രതവണയും യാത്രചെയ്യാമെന്നായി. പെന്‍ഷന്‍ 8,000ത്തില്‍നിന്ന് 20,000 ആയി. ഇതൊന്നും പോര എന്നാണ് എം.പിമാര്‍ പറയുന്നത്. കേന്ദ്ര സെക്രട്ടറിമാര്‍ക്ക് കിട്ടുന്നതിലും കൂടുതലാവണമത്രെ എം.പിക്ക് കിട്ടുന്നത്.

തീരുമാനങ്ങളെടുക്കുമ്പോള്‍ നാട്ടിലെ ഏറ്റവും പാവപ്പെട്ടവനെ മനസ്സിലോര്‍ക്കണമെന്നുപറഞ്ഞ ഗാന്ധിജിയുടെ പിന്‍മുറക്കാരാണിത്. എന്നിട്ടോ പാര്‍ലമെന്റില്‍ മുഷിഞ്ഞിരിക്കാനും കാര്യങ്ങള്‍ പഠിച്ച് അവതരിപ്പിക്കാനും തയാറുള്ളവര്‍ നന്നേ ചുരുക്കം. ബഹളവും വാക്കൗട്ടും കൊണ്ട് പണിമുടക്കലാണ് മുഖ്യജോലി. ബജറ്റ് സമ്മേളനകാലത്ത് 47 ലക്ഷം കോടി രൂപക്കുള്ള 60 മന്ത്രാലയങ്ങളുടെ ധനാഭ്യര്‍ഥനകളാണ് ലോക്‌സഭ ഒരു ചെറിയ ചര്‍ച്ചപോലും കൂടാതെ ഒറ്റയടിക്ക് പാസാക്കിയത്. രണ്ടു സഭകളും സമ്മേളിക്കാന്‍ പ്രതിദിനം ഏഴേമുക്കാല്‍ കോടി രൂപ വേണ്ടിയിരുന്നു -ഇനി അതും ഇരട്ടിക്കും. പട്ടിണിയും വിലക്കയറ്റവും അഴിമതിയും വാഴുന്ന ഈ നാട്ടിന് ഭരണവും വലിയ ഭാരമാവുകയാണ്.

Reported by Madhyamam
21st August 2010 09:32:53 AM
Comments for this news
 
Name: Date:
Comments:
 
print Print This Story print Email This Story print Write Comment
 
കൂടുതല്‍ വായിക്കാന്‍
Make Us Your home Page Make Us Your Home page! RSS