Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
റബര്‍ കര്‍ഷകര്‍ക്ക് ഇരുട്ടടി

റബറിന് ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള ടയര്‍ വ്യവസായ ലോബിയുടെ നീക്കം വിജയിച്ചിരിക്കുകയാണ്. ഇപ്പോഴുള്ള ഇരുപതു ശതമാനം ഇറക്കുമതി തീരുവ ഏഴര ശതമാനമാക്കിക്കുറയ്ക്കുമെന്ന് ഇന്നലെ കേന്ദ്ര വാണിജ്യമന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചത് റബര്‍ കര്‍ഷകര്‍ക്ക് ഇരുട്ടടിയായി. ഇറക്കുമതി തീരുവ കുറയ്ക്കാന്‍ വ്യവസായലോബി നീക്കങ്ങള്‍ ആരംഭിച്ചിട്ടു കുറെക്കാലമായി. ചുരുക്കം ചില ജനപ്രതിനിധികളുടെ ശ്രമഫലമായി ഇക്കാര്യത്തില്‍ കര്‍ഷകരുടെ അവസ്ഥ കേന്ദ്രസര്‍ക്കാരിനെ അറിയിക്കാന്‍ സാധിച്ചെങ്കിലും കേന്ദ്രം വ്യവസായലോബിയുടെ സമ്മര്‍ദത്തിനു വഴങ്ങിയിരിക്കുകയാണ്.

കേരളത്തില്‍നിന്നുളള പാര്‍ലമെന്റ് അംഗങ്ങള്‍ ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായിനിന്ന് ശബ്ദമുയര്‍ത്തിയില്ലെന്നത് ഖേദകരമാണ്. അത്തരമൊരു സംയുക്തശ്രമം നടത്തിയിരുന്നെങ്കില്‍ വിജ്ഞാപനം ഇറങ്ങുംമുമ്പ് തീരുമാനം തിരുത്തിക്കാന്‍ കഴിയുമായിരുന്നു. വ്യവസായലോബിയുടെ സാമ്പത്തികശക്തിക്കും സ്വാധീനത്തിനും അടിപ്പെട്ട് തെറ്റു ചെയ്തവരെക്കൊണ്ട് അതു തിരുത്തിക്കാനുള്ള ഇച്ഛാശക്തി കേരളത്തില്‍നിന്നുള്ള എംപിമാര്‍ക്ക് ഉണ്ടായേ തീരൂ. കര്‍ഷകവഞ്ചനയ്ക്ക് അവര്‍ കൂട്ടുനില്‍ക്കരുത്. രണ്ടു ലക്ഷം ടണ്‍ റബര്‍ സ്റോക്കുണ്െടന്ന് റബര്‍ ബോര്‍ഡ് പറയുമ്പോള്‍ ഈ തീരുവകുറയ്ക്കലിന് എന്തു നീതീകരണം? റബര്‍ക്കൃഷി സമ്പന്നരുടെ കുത്തകയാണെന്നൊരു ധാരണ ചിലരിലെങ്കിലുമുണ്ട്. എന്നാല്‍, കേരളത്തിലെ റബര്‍ കര്‍ഷകരില്‍ 90 ശതമാനവും ചെറുകിട, ഇടത്തരം കര്‍ഷകരാണ്. ഇറക്കുമതിയും അതുവഴി ഉണ്ടാകുന്ന വിലയിടിവും ഏറെ ബാധിക്കുക ഇത്തരം ചെറുകിടക്കാരെയാണ്. ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന പ്രചാരണംതന്നെ വിലയിടിവിനു കാരണമായിരുന്നു. വിലയിടിവു മുന്നില്‍ക്കണ്ട് കര്‍ഷകര്‍ ഉത്പന്നം വിറ്റഴിക്കാന്‍ വ്യഗ്രത കാട്ടുക സ്വാഭാവികമാണ്.

സബ്സിഡി നല്‍കി കയറ്റുമതി നടത്തിക്കൊണ്ടിരുന്ന ഉത്പന്നമാണ് റബര്‍. തായ്ലന്‍ഡിലും മറ്റും റബര്‍ക്കൃഷി വ്യാപകമായതോടെ അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ റബറിന് അവരോടു മത്സരിക്കേണ്ടിവന്നു. ഗുണമേന്മയുടെ കാര്യത്തില്‍ ഇന്ത്യന്‍ റബറിനു മുന്‍തൂക്കമുണ്െടങ്കിലും വ്യവസായികള്‍ ലാഭത്തില്‍ കണ്ണുനട്ട് പരമാവധി കുറഞ്ഞ വിലയ്ക്ക് റബര്‍ ഇറക്കുമതി ചെയ്യാനാണു ശ്രമിക്കുന്നത്. അന്താരാഷ്ട്രവിപണിയില്‍ വില ഉയര്‍ന്നുനിന്നതുകൊണ്ട് ഇതുവരെ പ്രശ്നമുണ്ടായില്ല. എന്നാല്‍, അടുത്തകാലത്ത് ആഭ്യന്തര വിപണിയില്‍ റബര്‍വില അല്പം വര്‍ധിച്ചു. അപ്പോഴേക്കും വ്യവസായലോബി കര്‍ഷകവിരുദ്ധ നീക്കവുമായി മുന്നോട്ടുപോയി, വിലയിടിക്കുകയെന്ന ലക്ഷ്യത്തോടെ. ഉത്പാദനത്തിനുള്ള ദീര്‍ഘകാല കാത്തിരിപ്പ്, പ്രകൃതിക്ഷോഭമോ വിളനാശമോ മൂലം മരങ്ങള്‍ക്ക് കേടുപാടുകളുണ്ടായാല്‍ സംഭവിക്കുന്ന വന്‍ നഷ്ടം തുടങ്ങിയ ഘടകങ്ങള്‍ റബര്‍ക്കൃഷിയുടെ കാര്യത്തില്‍ പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. ടാപ്പിംഗിന് തൊഴിലാളികളെ ലഭിക്കാനുള്ള ബുദ്ധിമുട്ടാണ് മറ്റൊരു പ്രധാന പ്രതിസന്ധി. ഉത്പാദനച്ചെലവ് വര്‍ധിച്ചപ്പോഴും ഉത്പാദനത്തില്‍ കാര്യമായ വര്‍ധന ഉണ്ടാകാത്തതിനാല്‍ വിലവര്‍ധനയുടെ പ്രയോജനം സാധാരണ ചെറുകിട കര്‍ഷകര്‍ക്കു കാര്യമായൊന്നും ലഭിക്കുന്നുമില്ല. ഇത്തരം സാഹചര്യങ്ങളൊന്നും പരിഗണിക്കാതെയാണ് റബര്‍ ഇറക്കുമതി നടത്തി കര്‍ഷകരെ ദ്രോഹിക്കാനുള്ള വ്യവസായികളുടെ നീക്കം വിജയിക്കുന്നത്.

റബര്‍കര്‍ഷക മേഖലയെ മാത്രം ബാധിക്കുന്ന ഒരു പ്രശ്നമായി റബര്‍ ഇറക്കുമതിയെ കാണരുത്. ആഗോള സാമ്പത്തിക പ്രതിസന്ധിയിലും കേരളത്തിനു പിടിച്ചുനില്‍ക്കാന്‍ സഹായകമായ ഘടകങ്ങളിലൊന്നാണ് റബര്‍വിലയിലുണ്ടായ വര്‍ധന. ഉത്പാദനച്ചെലവുമായി തട്ടിച്ചുനോക്കുമ്പോള്‍ രണ്ടുവര്‍ഷം മുമ്പുവരെ റബറിനു ന്യായവില കിട്ടിയിരുന്നില്ല. ആഗോള മാര്‍ക്കറ്റില്‍ ലഭ്യത കുറഞ്ഞപ്പോഴാണ് റബറിനു വില കൂടുകയും കേരളത്തിലെ കര്‍ഷകര്‍ക്ക് അതിന്റെ ഫലം കുറച്ചൊക്കെ ലഭിക്കുകയും ചെയ്തത്. ഇപ്പോള്‍ ആഗോള മാര്‍ക്കറ്റില്‍ വില കുറവാണെന്നു ചൂണ്ടിക്കാട്ടി ഇറക്കുമതിക്കും നികുതിയിളവിനും ആവശ്യമുന്നയിച്ച ടയര്‍ വ്യവസായികള്‍ ടയര്‍ വിലയില്‍ ഈ കാലഘട്ടത്തില്‍ ഉണ്ടായിട്ടുള്ള വിലവര്‍ധനയെക്കുറിച്ചു പറയുന്നതേയില്ല. മാത്രമല്ല, ടയര്‍ വ്യവസായരംഗത്ത് 25 ശതമാനം ലാഭവളര്‍ച്ച ഉണ്ടായിട്ടുണ്െടന്നുമാണ് കണക്ക്. ടയര്‍ വ്യവസായികളുടെയും വ്യാപാരികളുടെയും ലാഭത്തില്‍ കുറവുണ്ടാകാതിരിക്കുകയും ആഭ്യന്തരവിപണിയില്‍ ആവശ്യത്തിനു റബര്‍ ലഭ്യമായിരിക്കുകയും ചെയ്യുമ്പോള്‍ എന്തിനാണ് സര്‍ക്കാര്‍ ഇത്തരമൊരു ഇറക്കുമതി ഇളവിന് അനുമതി നല്‍കുന്നത്? വ്യവസായലോബിക്ക് അധികാരസ്ഥാനങ്ങളില്‍ സമ്മര്‍ദം ചെലുത്താന്‍ പണവും സ്വാധീനവുമുണ്ട്. അസംഘടിതരായ റബര്‍ കര്‍ഷകരെ സംബന്ധിച്ചിടത്തേളം ഇത്തരം സമ്മര്‍ദങ്ങള്‍ക്കുള്ള സാധ്യത പരിമിതമാണ്. ഇക്കാര്യം മനസിലാക്കി ജനപ്രതിനിധികളും കര്‍ഷകബന്ധുക്കളുമാണ് അവരുടെ സഹായത്തിനെത്തേണ്ടത്.

ആസിയാന്‍ കരാറില്‍പ്പോലും സംരക്ഷിത പട്ടികയില്‍ പെടുത്തിയിട്ടുള്ള വിളയാണ് റബര്‍. ആഭ്യന്തര ആവശ്യത്തിനു മതിയായ റബര്‍ സ്റോക്കുണ്െടന്നും ഇറക്കുമതിക്ക് യാതൊരു ആവശ്യവുമില്ലെന്നും റബര്‍ ബോര്‍ഡ് വ്യക്തമാക്കിയിട്ടുമുണ്ട്. ഇപ്പോഴത്തെ നിരക്കില്‍ റബര്‍വില എത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന കാര്യത്തിലും ഉറപ്പില്ല. ഇറക്കുമതി ഇളവിലൂടെ ഒരു വര്‍ഷത്തിനുള്ളില്‍ ലക്ഷം ടണ്‍ സ്വാഭാവിക റബര്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കാനാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. റബര്‍വില ഇടിയാന്‍ ഇതിടയാക്കും എന്നതില്‍ സംശയമില്ല. ഇപ്പോള്‍ത്തന്നെ പ്രതിസന്ധിയിലായിരിക്കുന്ന റബര്‍ക്കൃഷിയില്‍നിന്ന് കര്‍ഷകര്‍ പിന്നോക്കം മാറാന്‍ ഇതിടയാക്കും. ആഭ്യന്തര ആവശ്യത്തിനുള്ള 98 ശതമാനം റബര്‍ ഉത്പാദിപ്പിക്കുന്ന കര്‍ഷകര്‍ മറ്റു വിളകളിലേക്കു തിരിയാനോ കൃഷി ഉപേക്ഷിക്കാനോ തയാറായാല്‍ പിന്നെ അന്താരാഷ്ട്ര വിപണിയുടെ താളത്തിനൊത്ത് ഇന്ത്യന്‍ ടയര്‍ വ്യവസായികളും തുള്ളേണ്ടിവരും. ഇപ്പോള്‍ ആഭ്യന്തരവിപണിയില്‍ കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ വില കൊടുത്ത് റബര്‍ ഇറക്കുമതി ചെയ്യേണ്ട ഗതികേടുണ്ടാകും. രാജ്യത്തെ ലക്ഷക്കണക്കിനു റബര്‍കര്‍ഷകരെ ദ്രോഹിച്ചുകൊണ്ട് ഇത്തരമൊരു സാഹചര്യം സംജാതമാക്കുന്നതുകൊണ്ട് ആര്‍ക്കാണു പ്രയോജനം? റബര്‍ ഇറക്കുമതിക്ക് നികുതിയിളവു നല്‍കാനുള്ള തീരുമാനം യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് പിന്‍വലിക്കേണ്ടതു കര്‍ഷകരുടേതു മാത്രമല്ല രാജ്യത്തിന്റെയും ആവശ്യമാണ്.

Reported by Deepika
20th August 2010 09:39:07 AM
Comments for this news
 
Name: Date:
Comments:
 
print Print This Story print Email This Story print Write Comment
 
കൂടുതല്‍ വായിക്കാന്‍
Make Us Your home Page Make Us Your Home page! RSS