Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
രാഷ്ട്രീയത്തില്‍നിന്ന് മുക്തിതേടുന്ന ദേശീയപാത

ദേശീയപാതയുടെ വീതി 45 മീറ്ററാക്കാന്‍ സര്‍വകക്ഷിയോഗം തീരുമാനമെടുക്കുകയും സംസ്ഥാന മന്ത്രിസഭ ഈ തീരുമാനത്തിന് അംഗീകാരം നല്‍കുകയും ചെയ്തത് കേരളത്തിലെ ദേശീയപാത വികസനത്തില്‍ വലിയൊരു പ്രതിസന്ധി ഒഴിവാക്കിയിരിക്കുകയാണ്. ഈ തീരുമാനം കൈക്കൊള്ളുന്നതിനുണ്ടായ കാലതാമസം സംസ്ഥാനത്തെ ദേശീയപാത വികസനത്തെ കുറെ വൈകിപ്പിച്ചു എന്നതിലപ്പുറം യാതൊരു പ്രയോജനവും ഉണ്ടാക്കിയിട്ടില്ല. ഇതിനു കാരണക്കാര്‍ രാഷ്ട്രീയക്കാര്‍തന്നെ.

വ്യക്തമായ നിലപാടുകള്‍ സ്വീകരിക്കേണ്ട പല പ്രശ്നങ്ങളിലും വോട്ടുമാത്രം ലാക്കാക്കി നിലപാടെടുക്കുന്നത് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പൊതുസ്വഭാവമാണ്. വിശാലമായ രാജ്യതാത്പര്യംപോലും ഈ അധികാരക്കൊതിയില്‍ പണയംവയ്ക്കപ്പെടുന്നു. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ദേശീയപാതയുടെ വീതി സംബന്ധിച്ച പ്രശ്നത്തില്‍ എടുത്ത നിലപാട് ശ്രദ്ധിച്ചാല്‍ ഈ വോട്ടുബാങ്ക് താത്പര്യം വ്യക്തമാകും. സംസ്ഥാനത്തിന്റെ വികസനവും പുരോഗതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടുങ്ങിയ രാഷ്ട്രീയ താത്പര്യങ്ങള്‍ കേരളത്തിന് ഒരുപാടു നഷ്ടം വരുത്തിവച്ചിട്ടുണ്ട്.

അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാടും കര്‍ണാടകവുമൊക്കെ സംസ്ഥാനത്തെ പൊതുവായി ബാധിക്കുന്ന പ്രശ്നങ്ങളില്‍ സ്വീകരിക്കുന്ന യോജിച്ച നിലപാട് ശ്രദ്ധിക്കേണ്ടതുണ്ട്. കേന്ദ്രവിഹിതം വാങ്ങിയെടുക്കാനും വന്‍വ്യവസായപദ്ധതികള്‍ കൊണ്ടുവരാനും ഭരണപക്ഷ-പ്രതിപക്ഷ ചിന്തയില്ലാതെ രാഷ്ട്രീയപാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നതിന്റെ പ്രയോജനം ആ നാട്ടില്‍ കാണാനാവും. ഇവിടെയാകട്ടെ പ്രതിപക്ഷം എതിര്‍ ക്കുന്നു എന്ന കാരണത്താല്‍ത്തന്നെ ഭരണപക്ഷം അനുകൂലി ക്കും, നേരേ തിരിച്ചും. ചില കാര്യങ്ങളിലാകട്ടെ വ്യക്തമായൊരു നിലപാടെടുക്കാന്‍ ഇരുപക്ഷവും അറച്ചുനില്‍ക്കും. ഏതെങ്കിലും തരത്തില്‍ നാലു വോട്ടു നഷ്ടപ്പെടുമോ എന്ന ചിന്തയുണ്ടായാല്‍ എത്ര നല്ല പദ്ധതിയായാലും വ്യക്തമായ നിലപാടെടുക്കാതെ പരസ്പരം പഴിചാരാനുള്ള പഴുതു നോക്കിന ില്‍ക്കും. ദേശീയപാത വികസനവുമായി ബന്ധപ്പെട്ടും കേരളം ഇത്തരമൊരു അഴകൊഴമ്പന്‍ നിലപാടാണ് സ്വീകരിച്ചത്.

60 മീറ്ററാണ് ദേശീയപാതയുടെ വീതിയായി നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിന്റെയും ഗോവയുടെയും പ്രത്യേക അപേക്ഷ പരിഗണിച്ച് ദേശീയപാതയുടെ വീതി 45 മീറ്ററാക്കി ചുരുക്കാനുള്ള അനുമതി കേന്ദ്രം നല്‍കി. ദേശീയപാതയുടെ വീതി 30 മീറ്ററാക്കി ചുരുക്കാനുള്ള സമ്മര്‍ദം കേരളത്തില്‍ വിവിധ മേഖലകളില്‍നിന്ന് ഉയര്‍ന്നു. സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചുകൂട്ടി. കേരളത്തില്‍ ദേശീയപാതയ്ക്കു വീതി 30 മീറ്റര്‍ മതിയെന്ന ആവശ്യവുമായി സര്‍വകക്ഷി സംഘവും ഡല്‍ഹിയിലെത്തി. നാടിന്റെ വികസനത്തില്‍ ദീര്‍ഘവീക്ഷണമില്ലാത്ത നിലപാടെടുക്കുന്ന കേരളത്തിലെ സങ്കുചിത വോട്ടുരാഷ്ട്രീയം ദേശീയ മാധ്യമങ്ങള്‍ക്കുപോലും ചര്‍ച്ചാവിഷയമായി. സര്‍വകക്ഷിയോഗത്തില്‍ പങ്കെടുത്ത നാഷണല്‍ ഹൈവേ അഥോറിറ്റി ചെയര്‍മാന്‍ സര്‍വകക്ഷിയോഗത്തിന്റെ 30 മീറ്റര്‍ തീരുമാനം നടപ്പിലാകാന്‍ പോകുന്നില്ലെന്ന് മുന്നറിയിപ്പു നല്‍കിയിരുന്നതുമാണ്. ഇതെല്ലാം വോട്ടുബാങ്ക് രാഷ്ട്രീയത്തില്‍ മുങ്ങിപ്പോയി. ദേശീയപാത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിശ്ചലമാവുകയും ചെയ്തു.

45 മീറ്റര്‍ വീതി നടപ്പാക്കണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും രണ്ടാമതൊരു ഇളവുകൂടി നല്‍കാനാവില്ലെന്നും കേന്ദ്രം കര്‍ശന നിലപാട് എടുത്തതോടെ ഗത്യന്തരമില്ലാതെ സംസ്ഥാനം അതിനു സമ്മതിച്ചിരിക്കുകയാണ്. ദീര്‍ഘവീക്ഷണമില്ലാത്ത തീരുമാനങ്ങള്‍ സംസ്ഥാനത്തിന്റെ വികസനത്തിന് വിലങ്ങുതടിയാവുന്നതിനു വ്യക്തമായ ഉദാഹരണമാണിത്. ദേശീയപാത വികസനം വഴിമുട്ടുമെന്ന ഘട്ടം വന്നപ്പോഴെങ്കിലും മറിച്ചൊരു തീരുമാനം എടുക്കാന്‍ രാഷ്ട്രീയകക്ഷികള്‍ തീരുമാനിച്ചത് നന്നായെങ്കിലും ഇത്തരം കാര്യങ്ങളില്‍ രാഷ്ട്രീയം മാറ്റിവച്ചുള്ള തീരുമാനങ്ങളുടെ പ്രസക്തി തിരിച്ചറിയേണ്ടിയിരിക്കുന്നു.

കേരളത്തെപ്പോലെ ജനസാന്ദ്രതയേറിയ ഒരു സംസ്ഥാനത്ത് റോഡ് വികസനം വലിയൊരു കീറാമുട്ടിയാണ്. റോഡിനു വീതി കൂട്ടുമ്പോള്‍ പുനരധിവസിപ്പിക്കപ്പെടേണ്ടവരുടെ പ്രശ്നങ്ങള്‍ റോഡുവികസനത്തേക്കാള്‍ പ്രധാനമാണ്. വികസനത്തിനുവേണ്ടി സ്ഥലം ഏറ്റെടുത്തിട്ട് പാവങ്ങളെ വഴിയാധാരമാക്കിയത് മൂലമ്പള്ളിയിലും മറ്റും നാം കണ്ടതാണ്. ന്യായമായ നഷ്ടപരിഹാരം കിട്ടാത്തതും സ്ഥലം വിട്ടുകൊടുത്താല്‍ പിന്നെ ആരും തിരിഞ്ഞുനോക്കില്ലെന്ന ഭയവും സാധാരണക്കാരെ ഇത്തരം വികസനപ്രവര്‍ത്തനങ്ങളെ സംശയത്തോടെ വീക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നു. ദേശീയപാത വികസനത്തില്‍ ഇത്തരം ആശങ്കകള്‍ വേണ്െടന്ന് നേരത്തെതന്നെ കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഏറ്റെടുക്കുന്ന സ്ഥലത്തിന്റ വിപണിവില ലഭിക്കണമെന്ന ആവശ്യം തികച്ചും ന്യായയുക്തമാണ്. അതിപ്പോള്‍ സമ്മതിച്ചിട്ടുണ്ട്. കടകളും വീടുകളും നഷ്ടമാവുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കണം. അവിടെ ജോലിചെയ്തവര്‍ക്കും ഉചിതമായ സഹായം ലഭിക്കണം. ആരും റോഡുവികസനത്തിന്റെ ബലിയാടാകാന്‍ ഇടവന്നുകൂടാ.

സംസ്ഥാനത്തെ ദേശീയപാതകളുടെ നവീകരണത്തിനായി 7349.8 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. നിര്‍മിച്ച്, പ്രവര്‍ത്തിപ്പിച്ച്, കൈമാറുക എന്ന വ്യവസ്ഥയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതെക്കുറിച്ചും സംസ്ഥാനത്തിന് വിയോജിപ്പുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതും ഉപേക്ഷിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിനും പുനരധിവാസത്തിനുമായി അയ്യായിരം കോടിയിലേറെ രൂപയാണ് നീക്കിവച്ചിരിക്കുന്നത്. പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ മന്ത്രി എം. വിജയകുമാറിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. അര്‍ഹമായ നഷ്ടപരിഹാരം കാലതാമസം കൂടാതെ വാങ്ങിച്ചുകൊടുക്കാനും വീടും ജോലിയും നഷ്ടപ്പെടുന്നവരെ സുരക്ഷിതമായി പുനരധിവസിപ്പിക്കാനുമുള്ള ചുമതല സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം, ഫലപ്രദമായത് നിര്‍വഹിക്കണം.

Reported by Deepika
19th August 2010 09:51:05 AM
Comments for this news
 
Name: Date:
Comments:
 
print Print This Story print Email This Story print Write Comment
 
കൂടുതല്‍ വായിക്കാന്‍
Make Us Your home Page Make Us Your Home page! RSS