Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
പ്രാര്‍ഥനകളോടെ പുനരര്‍പ്പണം

മലയാളമെന്ന വികാരം നെഞ്ചിലേറ്റുന്ന മൂന്നുകോടിയിലേറെ ജനങ്ങളെയും മനസ്സില്‍ നമിക്കട്ടെ. നമ്മുടെ സിരകളിലൊഴുകുന്ന ഇൌ ഭാഷയുടെ കരുത്തും സൌന്ദര്യവും ഉള്‍ക്കൊണ്ടാണ് മലയാള മനോരമ ജനിച്ചുവളര്‍ന്നത്. ഈ വളര്‍ച്ചയ്ക്കു വളമിട്ട എല്ലാവരെയും ധ്യാനിച്ച്, നേര്‍വഴി കാട്ടണേ എന്ന പ്രാര്‍ഥനയോടെ ഞാന്‍ മലയാള മനോരമയുടെ മുഖ്യപത്രാധിപസ്ഥാനം സവിനയം ഏറ്റെടുക്കുന്നു.

മുപ്പത്തിയേഴു വര്‍ഷം എന്റെ പിതാവ് കെ. എം. മാത്യു വഹിച്ച ചുമതലയാണിത്. അദ്ദേഹത്തിന്റെ കാലത്തു പത്രാധിപരും പത്രവും തമ്മിലുള്ള അതിര്‍ത്തിരേഖ മാഞ്ഞുപോയി; പത്രാധിപര്‍ പത്രംതന്നെയായി. പിതാവിന്റെ വിയോഗം സൃഷ്ടിച്ച ശൂന്യതയില്‍നിന്നാണ് ഈ നിയോഗത്തിലേക്കു ഞാന്‍ എത്തിച്ചേരുന്നത്.   പക്ഷേ, ഏത് ഇരുട്ടിലും വെളിച്ചത്തെ കാണാനാണ് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചത്.

പാവനമായ പത്രധര്‍മത്തിന്റെ അടയാളമുദ്രകളോടൊപ്പം പാരമ്പര്യത്തിന്റെ സുകൃതങ്ങളും നൂറ്റാണ്ടു പിന്നിട്ട മലയാള മനോരമയുടെ തായ്വേരിലുണ്ട്. കണ്ടത്തില്‍ വറുഗീസ് മാപ്പിള പ്രാര്‍ഥനാപൂര്‍വം നട്ടുവളര്‍ത്തിയ അക്ഷരസ്വപ്നം, എന്റെ പിതാമഹന്‍ കെ. സി. മാമ്മന്‍ മാപ്പിള 1904ല്‍ പത്രാധിപത്യമേല്‍ക്കുമ്പോള്‍ അഞ്ഞൂറില്‍പ്പരം വരിക്കാരുള്ള വാരിക മാത്രമായിരുന്നു. 1954ല്‍ അദ്ദേഹം നിര്യാതനാകുമ്പോഴേക്കും 30,000 കോപ്പിയുള്ള ദിനപത്രമായി മനോരമ.

അതിനിടെ, തിരുവിതാംകൂര്‍ ദിവാന്‍ സി. പി. രാമസ്വാമി അയ്യരുടെ രോഷാഗ്നിയില്‍ നിശ്ശബ്ദമാക്കപ്പെട്ട ഒന്‍പതു വര്‍ഷത്തിനുശേഷം, 1947 നവംബര്‍    29ന് മനോരമയ്ക്കു പുനര്‍ജന്മത്തിന്റെ ചിറകുകള്‍ കിട്ടിയത് എന്റെ പിതൃസഹോദരന്‍ കെ. എം. ചെറിയാന്റെ ദൃഢനിശ്ചയത്തിന്റെയും ത്യാഗത്തിന്റെയും ഫലം. ഉയിര്‍ത്തെഴുന്നേറ്റ മനോരമയെ അദ്ദേഹവും എന്റെ പിതാവും ചേര്‍ന്ന് ഇന്ത്യയില്‍തന്നെ മുന്‍നിരയിലേക്കുയര്‍ത്തി. ഇത് ഒരു കൂട്ടായ്മയുടെ വിജയമാണെന്നു പിതാവ് എപ്പോഴും ഞങ്ങളെ ഒാര്‍മിപ്പിച്ചു. വരിക്കാരും വായനക്കാരും ഏജന്റുമാരും വിതരണക്കാരും പരസ്യദാതാക്കളും സ്ഥാപനത്തിലെ സഹപ്രവര്‍ത്തകരുമെല്ലാം ഉള്‍പ്പെടുന്ന വലിയ സഖ്യത്തിന്റെ നേട്ടം. ഒാരോ മുന്നേറ്റത്തിലും വീണ്ടും വീണ്ടും തലകുനിക്കണമെന്നും സര്‍വേശ്വരനോടും ജനങ്ങളോടും ഭയമുള്ളവരായിരിക്കണമെന്നും പിതാവ് ഞങ്ങളെ പഠിപ്പിച്ചു.

രാജ്യത്തോടുള്ള പ്രതിബദ്ധതയും അചഞ്ചലമായ ജനാധിപത്യബോധവും വായനക്കാരോടുള്ള ഐക്യദാര്‍ഢ്യവുമാണ് അന്നും ഇന്നും മനോരമയുടെ കൊടിയടയാളം. എന്നും ജനങ്ങള്‍ക്കുവേണ്ടി നില്‍ക്കണമെന്നാണ് മനോരമയുടെ അമരത്തിരുന്ന പൂര്‍വികര്‍ പിന്‍മുറക്കാര്‍ക്കു പറഞ്ഞുതന്നത്. മനോരമയെ എക്കാലത്തും ജനനന്മയ്ക്കായുള്ള ഒരു പബ്ളിക് ട്രസ്റ്റായി കാണണമെന്നു കെ. സി. മാമ്മന്‍ മാപ്പിള മരണത്തിനു തൊട്ടുമുന്‍പു പറഞ്ഞപ്പോള്‍ കെ. എം. ചെറിയാന്‍ ആ കര്‍മോപദേശം അക്ഷരംപ്രതി ഉള്‍ക്കൊണ്ടു; അദ്ദേഹത്തില്‍നിന്ന് എന്റെ പിതാവും. അത്യധികം ഭാരമുള്ള ഈ വലിയ ചുമതലയേറ്റു തല കുനിക്കുമ്പോള്‍ ഞാന്‍ എന്നെത്തന്നെ ഒാര്‍മിപ്പിക്കുന്നതും ഇതുതന്നെ.

സമൂഹത്തിലെ അസമത്വങ്ങളോടും അഴിമതികളോടുമുള്ള സന്ധിയില്ലാപ്പോരാട്ടവും രാഷ്ട്രത്തിന്റെ സുസ്ഥിരതയ്ക്കുവേണ്ടിയുള്ള നിലയുറപ്പിക്കലുമാണു മലയാള മനോരമയുടെ ചരിത്രം; ദേശീയത, മതസൌഹാര്‍ദം, പൌരസ്വാതന്ത്യ്രം, അധഃസ്ഥിതരുടെ ഉന്നമനം എന്നിവയുടെ സാക്ഷാത്കാരം നിത്യമായ പ്രചോദനവും. ഈ അടിസ്ഥാന നയങ്ങള്‍ കാലാനുസൃതമായ മാറ്റങ്ങളോടെ പിന്തുടരാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ജനങ്ങള്‍ പ്രധാനം, ജനകീയാഭിലാഷം പരമപ്രധാനം എന്ന വിശ്വാസപ്രമാണത്തിനു മാറ്റമില്ല. നാടിന്റെ ആവശ്യങ്ങള്‍ മുന്‍കൂട്ടിക്കണ്ടു നയങ്ങള്‍ രൂപപ്പെടുത്തുകയാണ് എക്കാലവും മനോരമയുടെ രീതി. ആദ്യ മുഖപ്രസംഗംതന്നെ പുലയര്‍ക്കു വിദ്യാഭ്യാസം നല്‍കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയായിരുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെക്കൂടി കണക്കിലെടുത്തുള്ള സന്തുലിത വികസനമാകണം നമ്മുടെ ലക്ഷ്യം. അര്‍ഹരായ മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമി ലഭിക്കണമെന്ന് ഇന്നു ഞങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ മനോരമയ്ക്കത് അശരണരോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ നൈരന്തര്യമാണ്. ഒരിക്കല്‍ ഈ മണ്ണിന്റെ യഥാര്‍ഥ അവകാശികളായിരുന്നവര്‍ക്ക് ഒരുതുണ്ടു ഭൂമിക്കുവേണ്ടി മുറവിളി നടത്തേണ്ടിവരുന്നതിലും വലിയ നിര്‍ഭാഗ്യമെന്താണ്?

ഫലശൂന്യമായ രാഷ്ട്രീയകലഹങ്ങളില്‍നിന്നു വികസനോന്‍മുഖമായ ഭരണ സംസ്കാരത്തിലേക്കു രാഷ്ട്രീയ ചിന്താധാരയെ വഴിമാറ്റാനാണു മനോരമ അച്ചടിമഷി ഏറെയും ചെലവഴിച്ചിട്ടുള്ളത്. നമ്മുടെ കൃഷിയിടങ്ങളുടെ ജീവസ്സും കര്‍ഷകന്റെ അന്തസ്സും വീണ്ടെടുക്കാനുള്ള ദൌത്യത്തില്‍ മനോരമയുടെ സമര്‍പ്പിതസേവനമുണ്ടാവും. വികസനത്തിന്റെ കാര്യത്തില്‍ പ്രതിജ്ഞാബദ്ധമായിരിക്കെത്തന്നെ ഇതിനോടു ബന്ധപ്പെട്ടുണ്ടാവുന്ന മാനുഷികവും പാരിസ്ഥിതികവുമായ        പ്രശ്നങ്ങള്‍ നമുക്ക് അവഗണിക്കാനുമാവില്ല. സാമുദായികമോ മതപരമോ ആയ ഭിന്നതകളോ കലാപങ്ങളോ നാടിന്റെ വളര്‍ച്ചയുടെ വഴികളില്‍ പ്രതിസന്ധികള്‍ തീര്‍ക്കാതിരിക്കാന്‍ മനോരമ ജാഗ്രതപുലര്‍ത്തും. വ്യക്തിവൈരാഗ്യമോ സ്വാര്‍ഥതാല്‍പര്യമോ ഞങ്ങളുടെ സമീപനത്തെ സ്വാധീനിക്കില്ലെന്നുകൂടി പ്രതിജ്ഞയെടുക്കട്ടെ. ലോകമെങ്ങുമുള്ള മലയാളികളെ ഒരുമിപ്പിക്കുന്ന നിയോഗം, അതിന്റെ മുഴുവന്‍ വ്യാപ്തിയിലും സാധ്യമാക്കും. നാളത്തെ തലമുറകളില്‍ നന്മയുടെയും രാജ്യസ്നേഹത്തിന്റെയും സാമൂഹികബോധത്തിന്റെയും അടിസ്ഥാനശിലകള്‍ പാകാനുള്ള അഖിലകേരള ബാലജനസഖ്യത്തിന്റെ മഹാദൌത്യത്തിന് എന്നും പ്രാമുഖ്യം നല്‍കും.

മനോരമ മുന്‍കയ്യെടുത്ത എല്ലാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സാമൂഹികക്ഷേമ പദ്ധതികളിലും ഹൃദയപൂര്‍വം ഒപ്പംനിന്ന വായനക്കാരെ ഞാന്‍ ഒാര്‍ക്കുന്നു. മനോരമയെ സ്വന്തം മനസ്സാക്ഷിയായി സ്വീകരിച്ച മുഴുവന്‍പേര്‍ക്കുമായി എന്റെ പിതാവ് കെ. എം. മാത്യു എന്നും മനസ്സില്‍ കൊണ്ടുനടന്ന നന്ദിയുടെ വലിയ കടല്‍ ഞാനേറ്റുവാങ്ങുന്നു. സമര്‍പ്പിത പ്രയാണത്തില്‍ എനിക്കും എന്റെ സഹോദരന്മാര്‍ക്കും കരുത്തു പകരാന്‍ മികവുറ്റ ഒരു പ്രഫഷനല്‍ ടീമിനെ സജ്ജമാക്കിയാണ് ഞങ്ങളുടെ പിതാവ് യാത്രയായത്. ലക്ഷ്യത്തിലേക്കു നേര്‍വഴി കാണിക്കാന്‍, വഴി തെറ്റുമ്പോള്‍ കൈപിടിച്ചു തിരുത്താന്‍ പ്രിയവായനക്കാര്‍ എന്നും ഒപ്പമുണ്ടാവണമെന്നാണ് എന്റെ പ്രാര്‍ഥന.

ദുരിതപൂര്‍ണമായ കാലഘട്ടങ്ങളില്‍പോലും മനോരമയ്ക്കു താങ്ങും തണലുമായി നിന്നിട്ടുള്ള എല്ലാവരെയും നന്ദിപൂര്‍വം ഓര്‍ക്കുന്നു. ഒാരോരുത്തരുടെയും അനുഗ്രഹങ്ങള്‍ക്കായി അപേക്ഷിച്ചുകൊണ്ട്, പുതിയ കാലത്തിന്റെ പ്രതീക്ഷകള്‍ക്കു മുന്‍പാകെ മനോരമയെ സാദരം പുനരര്‍പ്പണം ചെയ്തുകൊള്ളുന്നു.

Reported by Manorama
19th August 2010 09:46:21 AM
Comments for this news
 
Name: Date:
Comments:
 
print Print This Story print Email This Story print Write Comment
 
കൂടുതല്‍ വായിക്കാന്‍
Make Us Your home Page Make Us Your Home page! RSS