Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
കരുണയുടെ അര്‍ഥം മറക്കുമ്പോള്‍

ശുശ്രൂഷിക്കാന്‍ ഉറ്റവരില്ലെങ്കില്‍ അനാഥരായി മരിക്കേണ്ടവരാണോ നമ്മുടെ വയോജനങ്ങള്‍? സാമൂഹികക്ഷേമ വകുപ്പിന്റെ കീഴില്‍ തൊടുപുഴ മുതലക്കോടത്തു പ്രവര്‍ത്തിക്കുന്ന വൃദ്ധ, വികലാംഗ സദനത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന മരണങ്ങള്‍ ഉയര്‍ത്തുന്ന ആശങ്കകള്‍ ചെറുതല്ല. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ വൃദ്ധസദനത്തിലെ മൂന്ന് അന്തേവാസികളാണു വയറിളക്കം ബാധിച്ചു മരിച്ചത്. ഇതില്‍ ഒരാളുടെ മരണം യഥാസമയം ചികിത്സ കിട്ടാത്തതുമൂലമാണെന്നുള്ള പരാതിയും ശക്തമാണ്.

സദനത്തിലെ അന്തേവാസികളില്‍ പതിനൊന്നു പേര്‍ വയറിളക്കം ബാധിച്ചു തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. എന്നാല്‍, രോഗകാരണം കണ്ടുപിടിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നു പറയുന്നു. അന്തേവാസികളുടെ  മരണങ്ങള്‍ക്ക് ആരാണ് ഉത്തരവാദി? ന്യായീകരണങ്ങളുടെ വൃഥാവാക്കുകളില്‍ കൈ കഴുകി മാറാന്‍ ആരോഗ്യ, സാമൂഹികക്ഷേമ വകുപ്പുകള്‍ക്കു കഴിയില്ല.  മുതലക്കോടത്തെ വൃദ്ധ സദനത്തില്‍ 62 അന്തേവാസികളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ അഞ്ചിന് 31 പേരെക്കൂടി തിരുവനന്തപുരത്തുനിന്ന് ഇവിടേക്കു കൊണ്ടുവന്നു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഒന്‍പതാം വാര്‍ഡ് പുതുക്കിപ്പണിയുന്നതിനാല്‍ അവിടെയുണ്ടായിരുന്ന 31 അന്തേവാസികളെ ഇവിടേക്കു മാറ്റുന്നു എന്നാണു സദനം അധികൃതര്‍ക്കു ലഭിച്ച വിശദീകരണം. എന്നാല്‍, അവശരായ ഈ വൃദ്ധരോഗികളെ തിരുവനന്തപുരത്തുനിന്നുള്ള ദൂരമത്രയും ബസില്‍ യാത്ര ചെയ്യിച്ച് ഇടുക്കിയില്‍ കൊണ്ടുവന്നതിനെ കാടത്തമെന്നേ വിളിക്കാനാവൂ. ദീര്‍ഘയാത്ര ചെയ്യാന്‍ ശേഷിയില്ലാത്തവരുള്‍പ്പെടെയുള്ള    വയോജനങ്ങളെ ഇത്രദൂരം കൊണ്ടുവന്നതുതന്നെ കടുത്ത മനുഷ്യാവകാശ ലംഘനമല്ലേ?

സദനം അന്തേവാസിയായ വണ്ണപ്പുറം സ്വദേശി മത്തച്ചന്‍ (85) ശനിയാഴ്ച തൊടുപുഴ താലൂക്ക് ആശുപത്രിയിലാണു മരിച്ചത്. തിരുവനന്തപുരത്തുനിന്നെത്തിച്ച ഐഷാ ബീവി (60) ഞായറാഴ്ച സദനത്തില്‍ മരിച്ചു. ഐഷാ ബീവിയെ എന്തുകൊണ്ട് ആശുപത്രിയിലെത്തിക്കാന്‍ സദനം അധികൃതര്‍ തയാറായില്ല എന്നതിനു വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. ഐഷാ ബീവിയെ ആശുപത്രിയില്‍ കൊണ്ടുപോകാതിരുന്നതിനെച്ചൊല്ലി നാട്ടുകാര്‍ സദനത്തിലെത്തി ബഹളംവച്ചിരുന്നു. തിരുവനന്തപുരത്തുനിന്നെത്തിയ ആറുപേരെക്കൂടി ഞായറാഴ്ച താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ തിരുവനന്തപുരം സ്വദേശി ശങ്കരനാരായണ പിള്ള (80) ആണു തിങ്കളാഴ്ച മരിച്ചത്. അതേദിവസം നാലുപേരെക്കൂടി വയറിളക്കം ബാധിച്ച് സദനത്തില്‍നിന്നു താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവരികയും ചെയ്തു.

തിരുവനന്തപുരത്തുനിന്നു കൊണ്ടുവന്ന അന്തേവാസികളില്‍ 11 പേര്‍ മനോദൌര്‍ബല്യത്തിന് അവിടെ ചികിത്സയില്‍ കഴിഞ്ഞിരുന്നവരായിരുന്നെന്ന് അവിടെനിന്നെത്തിയ അന്തേവാസികളില്‍ ചിലര്‍ പറയുന്നുണ്ട്. രോഗികളെ താമസിപ്പിക്കാന്‍ ആവശ്യമായ സജ്ജീകരണങ്ങളൊന്നും തയാറാക്കാതെയായിരുന്നു തിരക്കിട്ടുള്ള കൊണ്ടുവരല്‍. സദനത്തില്‍വച്ച് ആരോഗ്യപ്രശ്നങ്ങളുണ്ടായ രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതായും പരാതിയുയര്‍ന്നിട്ടുണ്ട്.

നിരാലംബരെ എങ്ങോട്ടേക്കും പന്തു തട്ടാമെന്നാണോ സര്‍ക്കാര്‍ നയം? അനാഥമായ വാര്‍ധക്യജീവിതങ്ങള്‍ ഇത്രയും അലക്ഷ്യമായി കൈകാര്യം ചെയ്യാനുള്ളതാണെന്നു ബന്ധപ്പെട്ടവര്‍ കരുതുന്നുണ്ടെങ്കില്‍ ഒരു പരിഷ്കൃതസമൂഹത്തെ സംബന്ധിച്ചിടത്തോളം അതിനു മാപ്പില്ല. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ടെങ്കില്‍ അതിനായി ഇത്ര അകലേക്കു വൃദ്ധരോഗികളെ മാറ്റണമായിരുന്നോ? തിരുവനന്തപുരത്തുതന്നെ പുനരധിവാസ സൌകര്യം ഒരുക്കുകയായിരുന്നില്ലേ വേണ്ടത്? അതേസമയം, ആശുപത്രിയിലെ നവീകരണ പ്രവര്‍ത്തനങ്ങളല്ല രോഗികളെ മാറ്റാന്‍ കാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. എന്തായാലും, തിരുവനന്തപുരം ജനറല്‍ ആശുപത്രി ഒന്‍പതാം വാര്‍ഡില്‍നിന്ന് രോഗികളെ രോഗം ഭേദമാകുംമുന്‍പേ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നെന്ന ആരോപണത്തില്‍ അന്വേഷണം ഉണ്ടാവണം. വാര്‍ധക്യസഹജമായ രോഗംമൂലമാണു പലരും മരിക്കുന്നതെന്നാണു ബന്ധപ്പെട്ടവരുടെ വാദം. ഇതു ശരിയാണെങ്കിലും അല്ലെങ്കിലും, മരിച്ചവരോടു കാണിക്കേണ്ട സാമാന്യ മര്യാദപോലും അധികൃതര്‍ മറന്നതും നിര്‍ഭാഗ്യകരംതന്നെ. ഏറ്റെടുക്കാന്‍ ആരുമില്ലാതിരുന്നതിനെ തുടര്‍ന്ന് ഐഷാ ബീവിയുടെ കബറടക്കം തൊടുപുഴ വടക്കുംമുറി സാധുജന സംരക്ഷണ സമിതിയുടെ ചുമതലയില്‍ നടത്തുകയായിരുന്നു.

ആരും ആരോടും ചെയ്യരുതാത്തത് അശരണരായ വയോജനങ്ങളോടു ചെയ്ത സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് എന്നാണു കരുണ എന്ന വാക്കിന്റെ അര്‍ഥമറിയാനാകുക?

Reported by Manorama
18th August 2010 10:11:28 AM
Comments for this news
 
Name: Date:
Comments:
 
print Print This Story print Email This Story print Write Comment
 
കൂടുതല്‍ വായിക്കാന്‍
Make Us Your home Page Make Us Your Home page! RSS