Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
വേണം, കര്‍ഷകനും തൊഴില്‍ മാന്യത

ചിങ്ങപ്പിറപ്പിന്റെ പ്രതീക്ഷകള്‍ക്കൊപ്പം ഇന്നു കര്‍ഷകദിനം. നാടിനെ നിലനിര്‍ത്തുന്ന, നാട്ടാരെ അന്നം ഊട്ടുന്ന കര്‍ഷകരോടുള്ള കടപ്പാട് ആണ്ടിലൊരു ദിനാചരണത്തില്‍ ഒതുക്കുകയാണു നമ്മള്‍. അതു മതിയോ എന്നു വീണ്ടുവിചാരം നടത്തേണ്ട അവസരം കൂടിയാണിത്. കാര്‍ഷികമേഖല നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളില്‍ നിന്നു നമുക്ക് എത്രനാള്‍ ഒാടിയൊളിക്കാനാകും? സംസ്ഥാന തലത്തിലായാലും ദേശീയ തലത്തിലായാലും കാര്‍ഷികവൃത്തി വിട്ടു മറ്റു തൊഴില്‍ മേഖലകളിലേക്കു ചേക്കേറുന്നവരുടെ എണ്ണം വര്‍ഷംതോറും വര്‍ധിക്കുമ്പോള്‍ കാര്‍ഷികമേഖലയുടെ ആധികള്‍ക്കു നാം കാതോര്‍ക്കേണ്ടതല്ലേ?

തൊഴിലില്ലായ്മയോ തൊഴിലാളിക്ഷാമമോ ഏതാണു കേരളത്തില്‍ രൂക്ഷമെന്നതാണു ചോദ്യം. പണിയെടുക്കാന്‍   തയാറുള്ളവര്‍ക്കു യഥേഷ്ടം തൊഴില്‍ എന്ന നിലയിലേക്കു കേരളം എത്തിക്കഴിഞ്ഞുവെന്നതു യാഥാര്‍ഥ്യവും. തൊഴിലാളികള്‍ വേണ്ടത്ര ഇല്ലാത്തതിനാല്‍ സമസ്തമേഖലകളിലും ഉല്‍പാദന, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുമ്പോള്‍ തൊഴില്‍ നഷ്ടത്തിന്റെ പേരുപറഞ്ഞു നോക്കുകൂലി വാങ്ങുന്നതും യന്ത്രവല്‍ക്കരണം തടസ്സപ്പെടുത്തുന്നതും ശരിയാണോ?

തോട്ടം മേഖല 30-40% തൊഴിലാളിക്ഷാമം നേരിടുന്നുണ്ടെന്ന് അസോസിയേഷന്‍ ഒാഫ് പ്ളാന്റേഴ്സ് ഒാഫ് കേരള (എപികെ) ചൂണ്ടിക്കാണിക്കുന്നു. തൊഴിലാളിക്ഷാമം അയല്‍നാട്ടുകാരാണു നികത്തിവന്നതെങ്കില്‍ ഇപ്പോള്‍ അവര്‍ വന്‍തോതില്‍ മടങ്ങിപ്പോവുകയാണ്. ചെറുകിട തോട്ടങ്ങളില്‍ മാത്രമല്ല, നാമമാത്ര കൃഷിയിടങ്ങളില്‍പ്പോലും തൊഴിലാളികളെ വേണ്ടസമയത്തു വേണ്ടത്ര    ലഭിക്കാത്തതിനാല്‍ കൊത്തും കിളയുമൊന്നും കാര്യമായി നടക്കുന്നില്ല. നമ്മുടെ കാര്‍ഷിക മേഖലയുടെ ഉല്‍പാദനത്തെയും ഉല്‍പാദനക്ഷമതയെയും ഇതു കാര്യമായി ബാധിക്കുന്നു. നിര്‍മാണമേഖലയിലും തൊഴിലാളിക്ഷാമം രൂക്ഷം. വന്‍തോതിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ഇതിന് ഒരു കാരണമെന്നു പറയാമെങ്കിലും ഇവിടെയും അന്യനാട്ടുകാരാണു കമ്മി നികത്തുന്നത്. എന്നാല്‍, നിര്‍മാണമേഖലയിലെ യന്ത്രവല്‍ക്കരണവും ഫാക്ടറി നിര്‍മിത ഘടകങ്ങളുടെ ലഭ്യതയും തൊഴിലാളിക്ഷാമത്തെ ഒരു പരിധിവരെ മറികടക്കാന്‍ സഹായിക്കുന്നുണ്ട്.

എങ്കിലും ചില പ്രവണതകള്‍ കാണാതിരുന്നുകൂടാ. വിദേശത്തും അയല്‍ സംസ്ഥാനങ്ങളിലും പോയി അവ്യവസ്ഥാപിതവും തൊഴില്‍സുരക്ഷ ഉറപ്പില്ലാത്തതുമായ സാഹചര്യങ്ങളില്‍ പണിയെടുക്കാന്‍ മലയാളി യുവാക്കള്‍ തള്ളിക്കയറുന്നതെന്തു കൊണ്ടാണ്? ഇവിടെയാകട്ടെ, പിഎസ്സിയില്‍ ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് അപേക്ഷിച്ചത് 12 ലക്ഷത്തോളം പേരാണ്. ജനസംഖ്യയില്‍ നാലു ശതമാനം പേര്‍ അപേക്ഷിച്ചതോടെ ഇതു പിഎസ്സിയുടെ റെക്കോര്‍ഡായി. ശമ്പളം കുറവാണെങ്കിലും സുരക്ഷിതത്വവും പെന്‍ഷനുമൊക്കെയാണ് ഇതിലെ ആകര്‍ഷക ഘടകങ്ങള്‍ എന്ന് അപഗ്രഥിക്കപ്പെടുന്നു. ഗുജറാത്തി യുവാക്കളെയോ തമിഴ്നാട് കര്‍ഷകനെയോ പോലെ സാഹസികമായി രംഗത്തിറങ്ങി സ്വന്തം വഴികള്‍ നേടുന്നതിനോ കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുന്നതിനോ ഉള്ള വിമുഖത മലയാളിക്കുണ്ട്. ഇവിടത്തെ രാഷ്ട്രീയാന്തരീക്ഷത്തില്‍ പച്ചപിടിക്കുക ബുദ്ധിമുട്ടാണെന്നതും അവരുടെ മനസ്സു മുടക്കുന്നു.

തോട്ടം - കാര്‍ഷിക മേഖലയിലെ തൊഴിലാളിക്ഷാമമാണു നാം ഗൌരവമായി എടുക്കേണ്ടത്. പുതിയ തലമുറ കൃഷിപ്പണിയിലേക്ക് ഇറങ്ങുന്നില്ലെന്നു തന്നെ പറയാം. കൃഷിപ്പണിയില്‍ പരിചയവും വൈദഗ്ധ്യവും സമൂഹത്തിന് ഇതുമൂലം നഷ്ടപ്പെടുകയാണ്. കൃഷി തളര്‍ന്നാല്‍ കേരളത്തിന്റെ സമ്പദ്വ്യവസ്ഥയും തകരുകയില്ലേ?

യന്ത്രവല്‍ക്കരണത്തിനു കേരളത്തിലെ കൃഷിഭൂമികളുടെ കിടപ്പ് അത്ര അനുയോജ്യമല്ല. തുണ്ടുഭൂമികളില്‍ യന്ത്രം മാത്രമല്ല, കൃഷിയും പ്രായോഗികമല്ല. യന്ത്രങ്ങള്‍ ഉപയോഗിച്ചു കൃഷിപ്പണി ചെയ്യുന്നതില്‍ പരിശീലനവും വൈദഗ്ധ്യവും നേടിയ തൊഴിലാളിക്കൂട്ടായ്മകള്‍ പലയിടങ്ങളില്‍ മുളപൊട്ടിവരുന്നതു ശുഭോദര്‍ക്കമാണ്. ഇതോടൊപ്പം കൃഷിച്ചെലവും കുറഞ്ഞുകിട്ടണം. കൃഷിഭവന്‍ തോറും ഇത്തരം തൊഴില്‍ സേനകള്‍ രൂപവല്‍ക്കരിച്ചു പരിശീലനവും വൈദഗ്ധ്യവും നല്‍കാനായി ഒരു ബൃഹത് പരിപാടി കേരളം ആവിഷ്കരിക്കണം.

കാര്‍ഷിക യന്ത്രങ്ങളുടെ നിര്‍മാണം കേരളത്തിലും വിപുലമാക്കിയതുകൊണ്ടായില്ല, നമ്മുടെ ഭൂപ്രകൃതിക്കനുസരിച്ച് അവ രൂപകല്‍പന ചെയ്യുകയും വേണം. കരാര്‍ അടിസ്ഥാനത്തില്‍, യന്ത്രങ്ങളുടെ സഹായത്തോടെയുള്ള പണികള്‍ തൊഴിലാളികളുടെ വരുമാനം വര്‍ധിപ്പിക്കുമെന്നു തീര്‍ച്ച. ഇപ്പോഴുള്ള ദിവസക്കൂലി രീതിക്കു കേരളത്തില്‍ ഭാവിയില്ലെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. പകരം, തൊഴില്‍ ഗ്രൂപ്പുകള്‍ ഒാരോ മേഖലയിലും രൂപവല്‍ക്കരിക്കുകയും അത്തരം സംഘടനകള്‍ പണി ഏറ്റെടുക്കുകയും ചെയ്യുന്ന രീതി നിര്‍ദേശിക്കപ്പെടുന്നു. ഈ സ്ഥാപനങ്ങള്‍ യന്ത്രങ്ങളെ കൂടുതലായി ആശ്രയിക്കുകയും ചെയ്യണം. ഇതിന്റെ പ്രായോഗികത നിര്‍ണയിക്കേണ്ടതാണ്.

കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും അന്തസ്സും അംഗീകാരവും ലഭിക്കുന്ന ഒരു സാമൂഹികാന്തരീക്ഷമുണ്ടായാലേ യുവാക്കള്‍ പാടത്തും പറമ്പിലും പണിക്കിറങ്ങാന്‍ തയാറാകുകയുള്ളൂ. അതിനാല്‍, തൊഴില്‍മാന്യതയും ജീവിതസുരക്ഷിതത്വവും ഒരുപോലെ ഉറപ്പാക്കേണ്ടിയിരിക്കുന്നു. 
 
 

Reported by Manorama
17th August 2010 09:25:08 AM
Comments for this news
 
Name: Date:
Comments:
 
print Print This Story print Email This Story print Write Comment
 
കൂടുതല്‍ വായിക്കാന്‍
Make Us Your home Page Make Us Your Home page! RSS