Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
രോഗി പരീക്ഷണ വസ്തുവാകുമ്പോള്‍

ഇന്ത്യന്‍ വൈദ്യരംഗം ഒരു വലിയ മാര്‍ക്കറ്റാണ്. മരുന്നും ടെസ്റ്റുകളും പലവിധം ചികിത്സാമുറകളും മാത്രമല്ല ഈ മാര്‍ക്കറ്റില്‍ ഒഴുകുന്നത്. ഇന്ത്യയിലെ ജനങ്ങള്‍ -ഏറെയും അവരിലെ സാധാരണക്കാര്‍ -വന്‍കിട കമ്പനികളുടെ മരുന്നു പരീക്ഷണങ്ങള്‍ക്ക് ഇരയാകേണ്ടിവരുന്നു. മുമ്പേ അറിഞ്ഞ കാര്യമാണെങ്കിലും  ഇത് എത്ര വ്യാപകവും ഭയാനകവുമാണെന്ന് ഇപ്പോള്‍ വ്യക്തമാകുന്നു. ഞങ്ങള്‍ അഞ്ചുലക്കങ്ങളിലായി പ്രസിദ്ധപ്പെടുത്തിയ അന്വേഷണ റിപ്പോര്‍ട്ട്, ആശുപത്രികളും ലാബുകളും ഡോക്ടര്‍മാരും ഇടനിലക്കാരുമെല്ലാം ഉള്‍പ്പെടുന്ന ഒരു വലിയ റാക്കറ്റിനെക്കുറിച്ചാണ് സൂചന നല്‍കുന്നത്. ക്ലിനിക്കല്‍ ട്രയല്‍ എന്നറിയപ്പെടുന്ന മരുന്നു പരീക്ഷണം വൈദ്യശാസ്ത്ര രംഗത്തെ  ഗവേഷണങ്ങളുടെ ഭാഗമാണ്. പുതുതായി കണ്ടുപിടിക്കുന്ന മരുന്നുകള്‍ വില്‍പന നടത്തും മുമ്പ് അവയുടെ പ്രയോജനക്ഷമത തെളിയിക്കപ്പെടണം. എലി, ഗിനിപ്പന്നി തുടങ്ങിയ മൃഗങ്ങളില്‍ പരീക്ഷിച്ചു വിജയിച്ചാല്‍ പിന്നെ മനുഷ്യരില്‍ വിവിധ ഘട്ടങ്ങളായുള്ള പരീക്ഷണം നടക്കണം. അതിലും വിജയകരമെന്ന് തെളിഞ്ഞാലേ മരുന്ന് വിപണിയില്‍ കൊടുക്കാവൂ. ഉല്‍പന്നത്തിന്റെ ഗുണദോഷ വശങ്ങള്‍ അറിയാനുള്ള ഈ മരുന്ന് പരീക്ഷണം പലപ്പോഴും അപകടകരമായി പരിണമിക്കാം. അതുകൊണ്ടുതന്നെ, ഇതിന് വിധേയരാവുന്നവരുടെ അറിവും സമ്മതവുമില്ലാതെ അത് നടത്തുന്നത് നിയമവിരുദ്ധമാണ്.

മരുന്നിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചും വിപത്‌സാധ്യതയെക്കുറിച്ചുമെല്ലാം വ്യക്തമായ ധാരണ നല്‍കിയശേഷം വേണം ഇത്. വൃക്ക വാണിഭത്തിലെന്നപോലെ ഈരംഗത്തും പണത്തിനുവേണ്ടി അറിഞ്ഞുകൊണ്ടുതന്നെ സ്വശരീരം പരീക്ഷണത്തിന് നല്‍കുന്നവരുണ്ട്. എന്നാല്‍, അതിനെക്കാളേറെ ഒന്നുമറിയാത്ത പാവങ്ങളെയാണ് അവര്‍ വിശ്വാസമര്‍പ്പിച്ച ഡോക്ടര്‍മാരും സ്ഥാപനങ്ങളും പരീക്ഷണ മൃഗങ്ങളാക്കിക്കൊണ്ടിരിക്കുന്നത്.

അമേരിക്കന്‍ കമ്പനികളാണ് മരുന്നു പരീക്ഷണത്തിന് കൂടുതലും രംഗത്തുള്ളത്. അമേരിക്കയില്‍ വരുന്ന ചെലവിന്റെ ചെറിയൊരു ഭാഗം മതി ഇക്കാര്യത്തില്‍ പരീക്ഷണം നടത്താന്‍. മൂന്നു ഘട്ടങ്ങളിലായി മരുന്നു പരീക്ഷണം നടത്തിക്കൊടുക്കാന്‍ ട്രയല്‍ മാനേജ്‌മെന്റ് സംഘങ്ങള്‍ ഉണ്ട്. ഇരകളെ തരപ്പെടുത്താന്‍ ഇന്ത്യയിലെ സബ്‌കോണ്‍ട്രാക്ടര്‍മാരും ആശുപത്രികളും ഡോക്ടര്‍മാരും കൂടെയുണ്ട്. ഈ കച്ചവടത്തില്‍ നഷ്ടം സംഭവിക്കുന്നതാകട്ടെ പരീക്ഷണങ്ങള്‍ക്ക് ഇരയായി രോഗമോ മരണമോ ഏറ്റുവാങ്ങുന്ന പാവങ്ങളും. കേരളത്തിലെ പല സ്വകാര്യ ആശുപത്രികളും രോഗികളെ പരീക്ഷണ മൃഗങ്ങളാക്കി പണം സമ്പാദിക്കുന്നുണ്ട്. ആന്ധ്രപ്രദേശില്‍ കഴിഞ്ഞവര്‍ഷം വ്യാപകമായി ഗര്‍ഭാശയ കാന്‍സര്‍ ഭീതി വളര്‍ത്തിയതും അതിന്റെ തുടര്‍ച്ചയായി 13 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളില്‍ വാക്‌സിന്‍ നല്‍കിയതും ഒരു അമേരിക്കന്‍ കമ്പനിക്ക് വേണ്ടിയായിരുന്നു. ഗുജറാത്തിലും ഇതേ വാക്‌സിന്‍ പരീക്ഷിച്ചു; രണ്ടിടത്തും അനേകം പെണ്‍കുട്ടികള്‍ മരണപ്പെട്ടു. മരണങ്ങളെല്ലാം ആത്മഹത്യയാക്കിയാണ് ബന്ധപ്പെട്ടവര്‍ പൊതുശ്രദ്ധ വഴിതിരിച്ചുവിട്ടത്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തെ പരീക്ഷണങ്ങള്‍ക്കിടയില്‍ 49 കുട്ടികള്‍ മരിച്ചു. കേരളത്തില്‍ പല പ്രമുഖ സ്വകാര്യ ആശുപത്രികളിലും മരുന്നു പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. ഇതില്‍ എത്ര നിയമവിധേയം, എത്ര നിയമവിരുദ്ധം എന്ന് ആര്‍ക്കുമറിയില്ല. എത്ര മരുന്നുകള്‍ സംസ്ഥാനത്ത് പരീക്ഷിക്കപ്പെടുന്നുണ്ടെന്ന് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്കുപോലും ധാരണയില്ല. ആശുപത്രികള്‍ മരുന്നുപരീക്ഷണം നടത്തുമ്പോള്‍ അത് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.എം.ആര്‍) ക്ലിനിക്കല്‍ ട്രയല്‍ രജിസ്ട്രിയില്‍ ചേര്‍ക്കണമെന്നുണ്ട്. ഇത് പലരും പാലിക്കുന്നില്ല; പാലിക്കുന്ന ആശുപത്രികളില്‍പോലും വിവരം രോഗികളില്‍ നിന്ന് മറച്ചുപിടിക്കുകയാണ്. പല ആശുപത്രികള്‍ക്കും ചികിത്സയെക്കാള്‍ ലാഭകരമായ കച്ചവടമായിത്തീര്‍ന്നിട്ടുണ്ട് മരുന്നു പരീക്ഷണം. ഒരു രോഗിയെ പരീക്ഷണത്തിന് നല്‍കിയാല്‍ ആശുപത്രിക്ക് മുപ്പതിനായിരം മുതല്‍ ഒരുലക്ഷം വരെ രൂപ പ്രതിഫലമുണ്ടത്രെ. മരുന്നിന്റെ പേരുപോലും വെളിപ്പെടുത്താതെ രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ ഏറെയും മരുന്നു കമ്പനികളുടെ ദല്ലാളുമാരാണ്. മരുന്നു കമ്പനിയില്‍നിന്ന് വന്‍തുക പ്രതിഫലവും വിദേശ യാത്രകളും തരപ്പെടുത്തുന്നവരും കുറേയുണ്ട്. റീജനല്‍ കാന്‍സര്‍ സെന്ററിലും അമൃത ഇന്‍സ്റ്റിറ്റിയൂട്ടിലും നടന്ന പരീക്ഷണങ്ങള്‍ വിവാദമായിരുന്നു. എന്നാല്‍, പുറത്തുവരാത്ത പരീക്ഷണങ്ങള്‍ പലേടത്തും മുറപോലെ നടക്കുന്നുണ്ട്.

മരുന്നു പരീക്ഷണത്തിന് മാര്‍ഗദര്‍ശകമാകേണ്ട ചട്ടങ്ങള്‍ക്കും ധാര്‍മിക പരിഗണനകള്‍ക്കും ഇന്ന് വിലയില്ലാതായിരിക്കുന്നു. ഇരകളെ വിവരം അറിയിക്കുക എന്നതോ പരീക്ഷണ വിവരം രജിസ്റ്റര്‍ ചെയ്യുക എന്നതോ ഇക്കാര്യങ്ങളില്‍ ഔദ്യോഗിക പരിശോധന യഥാവിധി നടത്തലോ പാലിക്കപ്പെടുന്നില്ല. സ്വകാര്യ ആശുപത്രികളിലെത്തുന്ന പല രോഗികളും അവരറിയാതെയാണ് പരീക്ഷണ വിധേയരാകുന്നത്. ന്യൂറംബര്‍ഗ് നിയമസംഹിത മുതല്‍ ഇന്ത്യയിലെ ഐ.സി.എം.ആര്‍ മാര്‍ഗനിര്‍ദേശക ചട്ടങ്ങള്‍ വരെ നിരന്തരം ലംഘിക്കപ്പെടുന്നു. പല മെഡിക്കല്‍ ക്യാമ്പുകള്‍ മുതല്‍ ധ്യാന കേന്ദ്രങ്ങള്‍ വരെ ഈ നിയമലംഘനത്തിന് വേദികളാവുന്നു. പരീക്ഷണത്തെക്കുറിച്ച പ്രോട്ടോകോളോ എത്തിക്കല്‍ കമ്മിറ്റിയുടെ മേല്‍നോട്ടമോ നടക്കാത്തത് ചൂഷകര്‍ക്ക് സൗകര്യവുമാകുന്നു. നിയമലംഘനത്തിനുമപ്പുറം, ഡോക്ടറിലും ശുശ്രൂഷാ സംവിധാനത്തിലുമുള്ള രോഗിയുടെ വിശ്വാസത്തെ വഞ്ചിക്കുകയെന്ന ധാര്‍മിക പ്രശ്‌നവും ഇതിലുണ്ട്. അസുഖത്തിന് പരിഹാരം തേടി, തന്നെ പൂര്‍ണമായി വിശ്വസിച്ച് സമീപിക്കുന്ന രോഗിയെ പരീക്ഷണത്തിന് എറിഞ്ഞുകൊടുക്കാന്‍ കഴിവുള്ള ഡോക്ടര്‍മാരുണ്ടെന്നത് ഞെട്ടിപ്പിക്കുന്നു. പല ആശുപത്രികളിലും എത്തിക്കല്‍ കമ്മിറ്റികള്‍ നിലവിലുണ്ടെങ്കിലും അവര്‍ സംരക്ഷിക്കുന്നത് ചൂഷകരുടെ താല്‍പര്യമാണ്. ഡോക്ടറുടെ പ്രഥമധര്‍മം രോഗിക്ക് രോഗശമനം നല്‍കലും ആശ്വാസം നല്‍കലുമാണ്. പക്ഷേ, അതിലും വലുതാണ് കച്ചവടം എന്ന് പലരും ചിന്തിക്കുന്നു. വൈദ്യവിദ്യാഭ്യാസ രംഗത്തും പൊതുരംഗത്തും വന്നുപെട്ട മൂല്യച്യുതിയും പണക്കൊതിയും മറ്റൊരു മഹാരോഗമായിരിക്കുന്നു. ആരുണ്ട് ശ്രദ്ധിക്കാന്‍?

Reported by Madhyamam
17th August 2010 09:20:35 AM
Comments for this news
 
Name: Date:
Comments:
 
print Print This Story print Email This Story print Write Comment
 
കൂടുതല്‍ വായിക്കാന്‍
Make Us Your home Page Make Us Your Home page! RSS