Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
വാക്കുകളിലൊതുങ്ങുന്ന ടൂറിസം വികസനം

വിനോദസഞ്ചാര മേഖലയില്‍ അനന്തസാധ്യതകളുള്ള സംസ്ഥാനമാണു കേരളം. നാം അതിന്റെ ചെറിയൊരംശംപോലും ഫലപ്രദമായി ഉപയോഗിക്കുന്നില്ല എന്നതാണു യാഥാര്‍ഥ്യം. ടൂറിസം വികസമെന്നത് അവകാശവാദങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുകയാണിന്ന്. 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന വളരെ മനോഹരമായൊരു പരസ്യവാചകം മാത്രമാണിന്നിതിന്റെ ബാക്കിപത്രം. പ്രകൃതിഭംഗിയും താരതമ്യേന മെച്ചപ്പെട്ട കാലാവസ്ഥയും സവിശേഷതയുള്ള നാടാണ് കേരളമെന്നതാണ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ഇത്രയും പ്രകൃതിഭംഗിയില്ലാത്ത സംസ്ഥാനങ്ങള്‍പോലും ചില സീസണുകളില്‍ വിനോദസഞ്ചാരികളെക്കൊണ്ട് നിറയാറുണ്ട്. എന്നിട്ടും കേരളത്തിലെ പല വിനോദസഞ്ചാരകേന്ദ്രങ്ങളും ഇപ്പോഴും അവഗണനയുടെ ഇരുട്ടിലാണ്.

കഴിഞ്ഞദിവസം ആലപ്പുഴയില്‍ നെഹ്റുട്രോഫി ജലമേളയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ടൂറിസം മന്ത്രി കുമാരി ഷെല്‍ജ കേരളത്തിന്റെ ടൂറിസം സാധ്യതകളെപ്പറ്റി വാചാലയാകുകയുണ്ടായി. ആലപ്പുഴ ജില്ലയ്ക്ക് ഒരു മെഗാ ടൂറിസം കേന്ദ്രമാകാനുള്ള എല്ലാ സാധ്യതയുമുണ്െടന്നായിരുന്നു അവരുടെ വിലയിരുത്തല്‍. കുട്ടനാടിന്റെ പ്രത്യേക പ്രകൃതിഭംഗിയും അവരെ ആകര്‍ഷിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ സന്ദര്‍ശനം നടത്തിയ രാഷ്ട്രപതി പ്രതിഭാ പാട്ടീലും ഇതിനുമുമ്പ് ഇവിടെ വന്നുപോയ പ്രശസ്തരും അപ്രശസ്തരുമൊക്കെ കേരളത്തെ വാനോളം വാഴ്ത്തിയിട്ടുണ്ട്.

ടൂറിസം എന്നത് കുറെ പഞ്ചനക്ഷത്ര സൌകര്യങ്ങള്‍ മാത്രമല്ല എന്നു നാം മനസിലാക്കേണ്ടിയിരിക്കുന്നു. വിമാനമാര്‍ഗം ചെന്നെത്താവുന്ന വിനോദസഞ്ചാരകേന്ദ്രങ്ങളൊന്നും നമുക്കില്ല. അതുകൊണ്ട് കരമാര്‍ഗവും ജലമാര്‍ഗവും യാത്രചെയ്യുന്നതിനുള്ള സൌകര്യങ്ങളാണ് പ്രധാനമായും വേണ്ടത്. ടൂറിസം വികസനത്തിന് ഇത്തരം അനുബന്ധ സൌകര്യങ്ങള്‍ സുപ്രധാനമാണ്. ഇടുങ്ങിയ തെരുവുകളും ട്രാഫിക് കുരുക്കുകളും തകര്‍ന്ന റോഡുകളും വൃത്തിഹീനമായ പാതയോരങ്ങളും വിനോദസഞ്ചാരികള്‍ക്ക് വെറുപ്പുളവാക്കും. ഒരിക്കല്‍ കടന്നുപോയ വഴികളിലൂടെ വീണ്ടും വരാനുള്ള പ്രചോദനമാകണം ഓരോ വിനോദകേന്ദ്രവും സഞ്ചാരികള്‍ക്ക് ഒരുക്കേണ്ടത്.

സുരക്ഷിതത്വവും ഏറെ പ്രധാനമാണ്. അടുത്തകാലത്ത് ഇക്കാര്യത്തില്‍ കേരളത്തിന് ഏറെ ചീത്തപ്പേര് ഉണ്ടായിട്ടുണ്ട്. സ്വസ്ഥതയും സമാധാനവുമുള്ള സ്ഥലങ്ങളിലേക്കേ വിനോദസഞ്ചാരികള്‍ എത്തൂ. വിനോദസഞ്ചാരികളില്‍ ചിലര്‍ക്കെങ്കിലും നമ്മുടെ ടൂറിസ്റ് കേന്ദ്രങ്ങളില്‍ തിക്താനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സര്‍ക്കാര്‍തന്നെ മുന്‍കൈ എടുക്കണം. ടൂറിസം പോലീസുപോലെയുള്ള സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകണം. പ്രത്യേക പരിശീലനം സിദ്ധിച്ചവരാകണം ഇത്തരം സ്ഥലങ്ങളില്‍ നിയോഗിക്കപ്പെടേണ്ടത്. വിദേശത്തുനിന്നെത്തുന്ന വിനോദസഞ്ചാരികളോടുള്ള മാന്യമായ പെരുമാറ്റവും അവര്‍ക്കു ലഭിക്കുന്ന ഹൃദ്യമായ സ്വീകരണവും രാജ്യത്തിന്റെ യശസുയര്‍ത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ടൂറിസം വരാചരണം പോലെയുള്ള പരിപാടികള്‍കൊണ്ടുമാത്രം വിനോദസഞ്ചാര വികസനം ഉണ്ടാവില്ല. അതിന് വ്യക്തമായ കര്‍മപരിപാടികള്‍കൂടി ഉണ്ടാവണം. ടൂറിസം രംഗത്ത് ആയിരംകോടി രൂപയുടെ നിക്ഷേപമാണ് ലക്ഷ്യമിടുന്നതെന്നും ഒരു വര്‍ഷത്തിനകം അമ്പതിനായിരം തൊഴിലവസരങ്ങള്‍ ഈ രംഗത്തു സൃഷ്ടിക്കുമെന്നും നാലുവര്‍ഷംമുമ്പ് ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചിരുന്നു. 2006 ജൂണില്‍ എറണാകുളത്തു നടന്ന ടൂറിസം ട്രേഡ് മീറ്റിനുശേഷം മന്ത്രി മാധ്യമപ്രവര്‍ത്തകരോടു നടത്തിയ ഈ വാഗ്ദാനം നാലുവര്‍ഷം പിന്നിടുമ്പോഴും ഒരിടത്തും എത്തിയിട്ടില്ല. കേരളത്തിന്റെ സാധ്യതകള്‍ കണക്കിലെടുത്ത് മണ്‍സൂണ്‍ ടൂറിസം, മെഡിക്കല്‍ ടൂറിസം, അഡ്വഞ്ചര്‍ ടൂറിസം തുടങ്ങിയ മേഖലകളില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യാവുന്നതാണ്. ഇക്കോ ടൂറിസം, പില്‍ഗ്രിം ടൂറിസം, ആയുര്‍വേദ ടൂറിസം, ഫാം ടൂറിസം രംഗങ്ങളിലും കേരളത്തിന് വിപുലമായ സാധ്യതകളാണുള്ളത്.

ആലപ്പുഴയുടെ ടൂറിസം സാധ്യതയെക്കുറിച്ച് ഏറെ താത്പര്യത്തോടെ സംസാരിച്ച കേന്ദ്രമന്ത്രി കുമാരി ഷെല്‍ജ, ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഒരു പദ്ധതി സമര്‍പ്പിച്ചാല്‍ കേന്ദ്രസഹായം ഉറപ്പു നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വികസനത്തിനു സഹായകമായ ഇത്തരം പദ്ധതികള്‍ക്കുവേണ്ടി രാഷ്ട്രീയ താത്പര്യങ്ങള്‍ മാറ്റിവച്ച് നേതാക്കളും മുന്നോട്ടുവരണം. കോമണ്‍വെല്‍ത്ത് ഗെയിംസ് പോലെയുള്ള അന്താരാഷ്ട്ര മത്സരങ്ങള്‍ ഇന്ത്യയിലെ വിനോദസഞ്ചാര വികസനത്തിനുകൂടി സഹായകമാകേണ്ടതാണ്. ഹോട്ടല്‍ മേഖലയില്‍ ടൂറിസ്റുകള്‍ക്കാവശ്യമായ സൌകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ രാജ്യത്തിന് ഇപ്പോഴും കഴിയുന്നില്ല. 2010 അവസാനിക്കുമ്പോഴേക്കും ഈവര്‍ഷം ഒരു കോടി വിനോദസഞ്ചാരികളെയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. 2005-ല്‍ 40 ലക്ഷത്തോളം വിനോദസഞ്ചാരികളാണ് ഇന്ത്യ സന്ദര്‍ശിച്ചത്. പ്രതിവര്‍ഷം ശരാശരി പത്തുലക്ഷത്തോളം പേരുടെ വര്‍ധനയാണ് അന്നു കണക്കുകൂട്ടിയത്. സാമ്പത്തികമാന്ദ്യവും മറ്റും ലോകത്തെ പല പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളെയും ബാധിച്ചപ്പോള്‍ ഇന്ത്യയില്‍ അതിന്റെ പ്രതിഫലനം അത്ര ഗുരുതരമായിരുന്നില്ല. കേരളത്തില്‍ വിനോദസഞ്ചാരികളുടെ വരവില്‍ കാര്യമായ കുറവ് സംഭവിക്കാത്തതു കേരളത്തിനുള്ള അംഗീകാരമാണ്. പ്രകൃതിരമണീയത നിലനിര്‍ത്താനുള്ള യത്നങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ കൊടുക്കണം. അതോടൊപ്പം വൃത്തിയും വെടിപ്പുമുള്ള പരിസരവും താമസസൌകര്യങ്ങളും വിനോദസഞ്ചാരികള്‍ക്കാവശ്യമായ സുരക്ഷിതത്വവും ഉറപ്പാക്കേണ്ടതുണ്ട്.

Reported by Deepika
16th August 2010 09:42:02 AM
Comments for this news
 
Name: Date:
Comments:
 
print Print This Story print Email This Story print Write Comment
 
കൂടുതല്‍ വായിക്കാന്‍
Make Us Your home Page Make Us Your Home page! RSS