Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ജനപ്രതിനിധികള്‍ റബര്‍ കര്‍ഷകരെ കൈവിടരുത്

റബര്‍ ഇറക്കുമതി തീരുവയില്‍ നേരിയ വ്യത്യാസം പ്രഖ്യാപിച്ചുകൊണ്ട് കര്‍ഷകരുടെ കണ്ണില്‍ പൊടിയിടാന്‍ കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ് ശര്‍മ നടത്തിയ ശ്രമം കര്‍ഷക താത്പര്യത്തിനു നിരക്കുന്നതല്ല. നിലവിലുള്ള ഇരുപതുശതമാനം ഇറക്കുമതി തീരുവ ഏഴര ശതമാനമാക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. ഇതിനെതിരേ പ്രതിഷേധം ശക്തമായപ്പോള്‍ പാവപ്പെട്ട കര്‍ഷകരെ കബളിപ്പിക്കാനൊരു കുറുക്കുവഴി കണ്ടുപിടിച്ചതാണ് ഇപ്പോഴത്തെ ഇളവ്. കഴിഞ്ഞ മൂന്നു വര്‍ഷത്തെ റബര്‍ വിലയുടെ ശരാശരിയെടുത്ത് അതിന്റെ ഇരുപതു ശതമാനമായ ഇരുപതുരൂപ നാല്പത്തിയാറു പൈസ നിലവിലെ അന്താരാഷ്ട്ര വിലയേക്കാള്‍ കൂടുതല്‍ നല്‍കി വ്യവസായികള്‍ റബര്‍ ഇറക്കുമതി ചെയ്യണമെന്നാണ് പുതിയ തീരുമാനം. ഫലത്തില്‍ ഇറക്കുമതിച്ചുങ്കം ഇരുപതുശതമാനമെന്ന് തോന്നാം. പക്ഷേ ഇരുനൂറു രൂപയിലേക്ക് കുതിച്ച റബറിന് ഇപ്പോള്‍ ശരാശരിവില കിലോഗ്രാമിന് 102.38 രൂപയെന്നാണ് കണക്കാക്കിയിരിക്കുന്നത.് ഇറക്കുമതി വാര്‍ത്തയെത്തുടര്‍ന്ന് വിപണിയില്‍ ഇടിവുണ്ടായിട്ടും ഇപ്പോഴും റബര്‍വില കിലോഗ്രാമിന് 160 രൂപയില്‍ കൂടുതലാണ്. അപ്പോള്‍ ശരാശരിവില 102.38 രൂപ എന്നു കണക്കാക്കുന്നത് അസംബന്ധമല്ലേ?

കേരളത്തില്‍നിന്നുള്ള എംപിമാര്‍ തീരുവ പ്രശ്നത്തില്‍ ശക്തമായ നിലപാടെടുത്തെങ്കിലും പതിവുപോലെ റബര്‍ വ്യവസായലോബിയുടെ താത്പര്യങ്ങളെ അതിജീവിക്കാന്‍ അവര്‍ക്കു സാധിച്ചിട്ടില്ല. ഇറക്കുമതിച്ചുങ്കം കുറയ്ക്കുന്നതിനെതിരേ കേരളത്തിലെ എംപിമാരെ ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ ഒന്നിച്ചണിനിരത്താന്‍ സംസ്ഥാന സര്‍ക്കാരിനും സാധിച്ചില്ല. യുഡിഎഫ്, എല്‍ഡിഎഫ് എംപിമാര്‍ ഒരുമിച്ചല്ല വാണിജ്യമന്ത്രിയേയും മറ്റും കണ്ടത്. ഇക്കാര്യത്തില്‍ സംസ്ഥാന മുഖ്യമന്ത്രിതന്നെ മുന്‍കൈ എടുക്കേണ്ടിയിരുന്നു.

രാജ്യത്തെ സ്വാഭാവിക റബറിന്റെ 90 ശതമാനത്തിലേറെ ഉത്പാദിപ്പിക്കുന്നത് കേരളമാണ്. വാങ്ങല്‍ നികുതി ഇനത്തില്‍ കോടിക്കണക്കിനു രൂപ സംസ്ഥാന സര്‍ക്കാരിനു ലഭിക്കുന്നുണ്ട്. പത്തുലക്ഷത്തോളം ചെറുകിട, ഇടത്തരം റബര്‍ കര്‍ഷകര്‍ ഇവിടെയുണ്ട്. നിത്യവൃത്തികഴിയാന്‍ റബര്‍കൃഷിയെ ആശ്രയിക്കുന്ന നിരവധിപേരും ഇവരില്‍ ഉള്‍പ്പെടുന്നു. വിപണിയില്‍ ഉണ്ടാകുന്ന നേരിയ ഇടിവുപോലും ഈ കുടുംബങ്ങളുടെ ജീവിതത്തെ ബാധിക്കും. വില കൂടുന്നതുവരെ ഉത്പന്നം പിടിച്ചുവയ്ക്കാനുള്ള ശേഷിയൊന്നും ഇവര്‍ക്കില്ല. റബര്‍ ഉത്പാദക സംഘങ്ങളും മറ്റും ഇത്തരം കര്‍ഷകരെ സഹായിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെങ്കിലും ഫലത്തില്‍ കാര്യമായൊന്നും നടക്കുന്നില്ല. വിലയിടിക്കാന്‍ ശ്രമം നടക്കുന്ന അവസരങ്ങളില്‍ ചരക്ക് വാങ്ങി സ്റോക്ക് ചെയ്യാനും കര്‍ഷകര്‍ക്ക് ആവശ്യമായ പണം നല്‍കി വിപണി മെച്ചപ്പെടുമ്പോള്‍ ചരക്ക് വിറ്റഴിക്കാനുമുള്ള സമര്‍ഥമായ വിപണനതന്ത്രങ്ങള്‍ ഇത്തരം സംഘങ്ങള്‍ക്ക് പ്രാവര്‍ത്തികമാക്കാനായാല്‍ കര്‍ഷകരെ വലിയൊരു പരിധിവരെ സഹായിക്കാനാവും.

ഇപ്പോള്‍ ഇങ്ങനെയൊരു ഇറക്കുമതി തീരുവ ഇളവ് എന്തിന് എന്നതാണ് പ്രസക്തമായ ചോദ്യം. റബര്‍ വിലയില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ട് കഷ്ടിച്ച് രണ്ടുവര്‍ഷമേ ആകുന്നുള്ളൂ. എന്നിട്ടും റബര്‍ അനുബന്ധവ്യവസായങ്ങളൊന്നും ഈ വിലക്കൂടുതല്‍മൂലം പ്രതിസന്ധി നേരിടുന്നില്ല. ടയര്‍ കമ്പനികളുടെ ലാഭത്തില്‍ വര്‍ധനയേ ഉണ്ടായിട്ടുള്ളൂ. ഇതര റബര്‍ ഉത്പന്നങ്ങളുടെ വിലയില്‍ ഉണ്ടായിട്ടുള്ള വര്‍ധനയും കണക്കിലെടുക്കേണ്ടതുണ്ട്. റബറിന് വില കുറയുമ്പോഴും നികുതി ഇളവോടെ റബര്‍ ഇറക്കുമതി ചെയ്യുമ്പോഴും ഉത്പന്നങ്ങളുടെ വിലയില്‍ ഒരു പൈസപോലും അവര്‍ കുറയ്ക്കുന്നില്ല. അപ്പോള്‍ റബര്‍ വ്യവസായികളുടെ ലാഭത്തില്‍ കുറവുണ്ടാകാതിരിക്കുക എന്നതാണ് ഇപ്പോഴത്തെ ഇളവിലൂടെ നേടുന്ന കാര്യം. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വന്‍തുക സംഭാവന നല്‍കാനും മറ്റും കഴിവുള്ള വ്യവസായികള്‍ക്ക് പാവപ്പെട്ട കര്‍ഷകരേക്കാള്‍ സ്വാധീനവും സമ്മര്‍ദവും ചെലുത്താനാവുമല്ലോ. കര്‍ഷകര്‍ക്കു നല്‍കാന്‍ കഴിയുന്നത് ഒരു വോട്ടുമാത്രം. വ്യവസായികള്‍ക്കോ? അക്കാര്യം ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ നേതൃത്വത്തിനും നന്നായി അറിയാം.

കാര്‍ഷിക ഉത്പന്നങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയുമൊക്കെ വിലയില്‍ ഗണ്യമായ വര്‍ധന ഉണ്ടായിട്ടുണ്ട്. എന്നാല്‍, റബറിന് വില കൂടുമ്പോള്‍ എന്തോ വലിയ കുഴപ്പമുണ്ടാകുന്നു എന്ന വിധത്തിലാണ് പ്രചാരണം. ആഭ്യന്തരവിപണിയില്‍ റബര്‍ ആവശ്യത്തിനുണ്െടന്ന് റബര്‍ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. 2009-10ല്‍ 1.96ലക്ഷം ടണ്ണിന്റെ ഓപ്പണിംഗ് സ്റോക്ക് ഉണ്ടായിരുന്നിടത്ത് 2010-11ല്‍ 2.53 ലക്ഷം ടണ്ണാണ് ഓപ്പണിംഗ് സ്റോക്ക്. 2008-09ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ 3.8 ശതമാനം കുറവാണ് 2009-10ലെ സ്വാഭാവിക റബറിന്റെ ഉത്പാദനം എന്ന വസ്തുതയും ഓര്‍ക്കേണ്ടതുണ്ട്. വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെ ടയര്‍ ഉത്പാദനത്തില്‍ കഴിഞ്ഞ വര്‍ഷം 33 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇറക്കുമതി റബറിനേക്കാള്‍ ആഭ്യന്തര ഉത്പന്നമാണ് റബര്‍ വ്യവസായം താത്പര്യപ്പെടുന്നതെങ്കിലും വിലയിടിക്കാന്‍ അവര്‍ എല്ലാ തന്ത്രവും പയറ്റും. ഇതിനു കൂട്ടുനില്‍ക്കാന്‍ രാഷ്ട്രീയ നേതൃത്വത്തെയും അവര്‍ പാട്ടിലാക്കും. ജനപ്രതിനിധികള്‍ക്കുപോലും ചിലപ്പോള്‍ ഈ സമ്മര്‍ദത്തെ അതിജീവിക്കാനാവില്ല. പക്ഷേ, പത്തുലക്ഷത്തോളം വരുന്ന സാധാരണക്കാരായ കര്‍ഷകരുടെയും അവരെ ആശ്രയിച്ചു കഴിയുന്നവരുടെയും പ്രശ്നമാണ് കൂടുതല്‍ പ്രധാനം.

സ്വാഭാവിക റബറിന്റെ വില ഇരുനൂറു കവിഞ്ഞാലും ഇപ്പോഴത്തെ നിലയില്‍ ഒരു ടയര്‍ കമ്പനിയും പൂട്ടേണ്ടിവരില്ല. എന്നാല്‍, റബര്‍ കൃഷിയില്‍ വരുമാനം കുറഞ്ഞാല്‍ വര്‍ഷങ്ങള്‍ നീളുന്ന കാത്തിരിപ്പിനുശേഷം ഉത്പാദനം ആരംഭിക്കുമ്പോള്‍ ടാപ്പിംഗിനുപോലും ആളെക്കിട്ടാതെ നട്ടംതിരിയുന്ന കര്‍ഷകര്‍ കഷ്ടത്തിലാകും. റബറിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന പതിനായിരക്കണക്കിനു കര്‍ഷകരെ വ്യവസായികളുടെ താത്പര്യസംരക്ഷണത്തിനുവേണ്ടി കുരുതി കൊടുക്കണമോയെന്ന് പാര്‍ട്ടിഭേദമില്ലാതെ ജനപ്രതിനിധികള്‍ ആലോചിക്കണം. നിസഹായരെങ്കിലും കര്‍ഷകര്‍ക്കു ബുദ്ധിഭ്രമമൊന്നും സംഭവിച്ചിട്ടില്ലെന്നും അവര്‍ മനസിലാക്കുന്നതുകൊള്ളാം.

കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെതന്നെ നട്ടെല്ലായി മാറിയിട്ടുള്ള റബര്‍ കര്‍ഷക മേഖലയെ തകര്‍ക്കാന്‍ ഒരു കാരണവശാലും അനുവദിക്കരുത്. സംസ്ഥാന സര്‍ക്കാരും വിവിധ രാഷ്ട്രീയപാര്‍ട്ടികളും ഈ യാഥാര്‍ഥ്യം മനസിലാക്കി ഒറ്റക്കെട്ടായി നില്‍ക്കണം. വേണ്ടിവന്നാല്‍ സര്‍വകക്ഷി പ്രതിനിധിസംഘത്തെ ഇതിനായി ന്യൂഡല്‍ഹിയിലേക്കയയ്ക്കണം. ആവശ്യത്തിനു റബര്‍ ലഭ്യമല്ലെങ്കില്‍ ആരും ഇറക്കുമതി ചെയ്തോട്ടെ, പക്ഷേ അതിന് ആഭ്യന്തരവിപണി ഇടിക്കേണ്ട കാര്യമില്ല. നിലവിലുള്ള നികുതിനിരക്കില്‍ റബര്‍ ഇറക്കുമതി ചെയ്യട്ടെ, അതിലാര്‍ക്കും എതിര്‍പ്പില്ല. ലാഭം തെല്ലും കുറയാതെയും ഉത്പന്നങ്ങളുടെ വില ക്രമാനുഗതമായി കൂട്ടിയും വ്യവസായികള്‍ പിടിച്ചുനില്‍ക്കും. പക്ഷേ, വിലയിടിവുണ്ടായാല്‍ പിടിച്ചുനില്‍ക്കാന്‍ സാധാരണ കര്‍ഷകന് വഴിയേതുമില്ല. 

Reported by Deepika
27th August 2010 09:53:12 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations