Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
സന്തോഷ് ട്രോഫി: ബംഗാള്‍-പഞ്ചാബ് ഫൈനല്‍
കൊല്‍ക്കത്ത: നിലവിലെ ചാമ്പ്യന്മാരായ ഗോവയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് ആതിഥേയരായ ബംഗാള്‍ 64ാമത് സന്തോഷ് ട്രോഫി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നു. നിലവിലെ റണ്ണറപ്പുകളായ തമിഴ്‌നാടിനെ 1-3ന് തകര്‍ത്ത പഞ്ചാബാണ് നാളെ നടക്കുന്ന കലാശക്കളിയില്‍ വംഗനാട്ടുകാരുടെ എതിരാളികള്‍. ആദ്യസെമിയില്‍ നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരു ടീമും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞപ്പോള്‍ പെനാല്‍റ്റിയില്‍ മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ബംഗാള്‍ വിജയം. 20ാം മിനിറ്റില്‍ മിലാഗ്രസ് ഗോണ്‍സാല്‍വസിന്റെ ഗോളില്‍ ഗോവക്കാരാണ് ആദ്യം വല ചലിപ്പിച്ചത്. ഈ ഒരൊറ്റ ഗോളില്‍ പിടിച്ചുതൂങ്ങി ജയത്തിലേക്ക് നീങ്ങവെ 84ാം മിനിറ്റില്‍ റോബിന്‍ സിങ് ബംഗാളിനുവേണ്ടി വല കുലുക്കി കളി അധിക സമയത്തേക്ക് നീട്ടി.

ഷൂട്ടൗട്ടില്‍ ബംഗാളിന്റെ ഒന്നാമത്തെ കിക്ക് രജിബ് ഘോഷ് നഷ്ടപ്പെടുത്തിയപ്പോള്‍ ഗോവയുടെ നാലാമത്തെയും അഞ്ചാമത്തെയും ഷോട്ടുകള്‍ തട്ടിയിട്ട് അബ്‌റ മൊണ്ഡല്‍ ബംഗാളിന് ജയിക്കാനുള്ള അവസരമൊരുക്കി. നിര്‍ണായകമായ അഞ്ചാം കിക്ക് ലക്ഷ്യത്തിലെത്തിച്ച് മലയാളി താരം ഡെന്‍സണ്‍ ദേവദാസ് ബംഗാളിന് വിജയമൊരുക്കി. ഗോവക്കാര്‍ ടച്ച് ചെയ്തു തുടങ്ങിയ മല്‍സരത്തില്‍ ഇരുനിരയും കരുതിയാണ് കളിച്ചത്. ഗോള്‍വല ലക്ഷ്യമാക്കിയുള്ള ആദ്യ ഷോട്ടിന് പത്തു മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. ബംഗാള്‍ സ്‌ട്രൈക്കര്‍ റോബിന്‍ സിങ്ങിന്റെ ഇടങ്കാലനടി ഗോവന്‍ ഗോളി ഫെലിക്‌സ് ഡിസൂസ അനായാസം കൈയിലൊതുക്കി. ഗോവന്‍ ഗോള്‍മുഖത്തേക്ക് ഇരമ്പിക്കയറുന്ന ബംഗാളിനെയാണ് പിന്നീട് കണ്ടത്. 20ാം മിനിറ്റില്‍ കളിയുടെ ഗതിക്ക് വിപരീതമായി ബംഗാള്‍വല കുലുങ്ങി. കോര്‍ണറില്‍ നിന്നുയര്‍ന്ന പന്ത് ഗോഡ്‌വിന്‍ ഫ്രാങ്കോ ബംഗാള്‍ ഡിഫന്‍ഡര്‍മാരുടെ ഇടയില്‍നിന്ന് ഗോണ്‍സാല്‍വസിന് തലകൊണ്ടു മറിച്ചുനല്‍കി. അവസരം നഷ്ടപ്പെടുത്താതെ ഗോവന്‍ താരം പന്ത് വലയിലേക്ക് ചെത്തിയിട്ടു.

ഗോള്‍ നേടിയ ആവേശത്തില്‍ ഗോവക്കാര്‍ കരുത്തുകാട്ടിയപ്പോള്‍ തുടക്കത്തിലെ ചടുലത നിലനിര്‍ത്താന്‍ ബംഗാളുകാര്‍ക്ക് കഴിഞ്ഞില്ല. 83ാം മിനിറ്റില്‍ ഗോവന്‍ ഗോളിനുടമ മിലഗ്രസിനെ പിന്‍വലിച്ച് ജോണ്‍ ഡയസിനെ ഗോവ കളത്തിലിറക്കി. അടുത്ത മിനിറ്റില്‍ തന്നെ ബംഗാള്‍ തുല്യത നേടി. ജോണ്‍ ഡയസിനെ വെട്ടിച്ചൊഴിഞ്ഞ് റോബിന്‍ സിങ് ഉതിര്‍ത്ത ഇടങ്കാലനടി വലയുടെ മോന്തായത്തില്‍ പതിച്ചു. അധിക സമയത്ത് ഇരു ടീമുകളും ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും വല ചലിപ്പിക്കാനായില്ല. ഷൂട്ടൗട്ടില്‍ ഗോവക്ക് വേണ്ടി ജോസഫ് പെരീറ, കവിന്‍ ലോബോ, ആദില്‍ അഹ്മദ് ഖാന്‍ എന്നിവര്‍ ലക്ഷ്യം കണ്ടു. ഡയസും ബോര്‍ഗസും കിക്ക് നഷ്ടപ്പെടുത്തി. ബംഗാളിനുവേണ്ടി ശൈഖ് ആസിം, സൗവിക് ചക്രവര്‍ത്തി, സ്‌നേഹാശിഷ് ചക്രവര്‍ത്തി എന്നിവരും പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചു.

തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ തേടിയിറങ്ങിയ തമിഴ്‌നാടിനെതിരെ രണ്ടു ഗോള്‍ നേടിയ ബല്‍വന്ത് സിങ്ങാണ് പഞ്ചാബ് നിരയില്‍ തിളങ്ങിയത്. 15ാം മിനിറ്റില്‍ ബല്‍വന്തും 35ാം മിനിറ്റില്‍ മനീന്ദര്‍ സിങ്ങും വല കുലുക്കിയതോടെ ആദ്യ പകുതിയില്‍ പഞ്ചാബ് 2-0ത്തിന് മുന്നിലായിരുന്നു. 56ാം മിനിറ്റില്‍ വീണ്ടും വല കുലുക്കി ബല്‍വന്ത് വിജയമുറപ്പിച്ചു. ഇഞ്ചുറി ടൈമില്‍ ഇളമുരുഗനാണ് തമിഴ്‌നാടിന്റെ ആശ്വാസഗോള്‍ നേടിയത്.

Reported by Madhyamam
07th August 2010 01:09:26 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations