Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
ദേശീയ ഏജന്‍സിയുടെ അന്വേഷണം സ്വാഗതാര്‍ഹം

കോഴിക്കോട്‌ ബസ്‌സ്റ്റാന്‍ഡിലുണ്ടായ ഇരട്ടസ്‌ഫോടനം സംബന്ധിച്ച അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തിരിക്കയാണ്‌. ഈ ഏജന്‍സി നിലവില്‍വന്നശേഷം കേരളത്തിലെ ഒരു കേസ്‌ ഏറ്റെടുക്കുന്നത്‌

ആദ്യമാണ്‌. രാജ്യത്ത്‌ തീവ്രവാദക്കേസുകളുടെ എണ്ണം വര്‍ധിച്ചതോടെയാണ്‌ ഇത്തരമൊരു ദേശീയഏജന്‍സി നിലവില്‍വന്നത്‌. തീവ്രവാദബന്ധങ്ങള്‍ സംസ്ഥാനാതിര്‍ത്തികളും രാജ്യാതിര്‍ത്തികളും കടന്ന്‌ വേരുകളാഴ്‌ത്തുമ്പോള്‍ വിവിധ ഏജന്‍സികളുടെ ഏകോപിതമായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ പരിഹാരം കാണാനാവൂ എന്ന്‌ വ്യക്തമായിരിക്കയാണ്‌. ഇന്ത്യയില്‍ പലേടത്തും സ്‌ഫോടനങ്ങള്‍ ആസൂത്രണംചെയ്‌ത്‌ നടപ്പാക്കിയശേഷം ബംഗ്ലാദേശിലേക്ക്‌ കടന്ന തടിയന്റവിട നസീര്‍, എന്ന മലയാളി ഷില്ലോങ്ങില്‍ വെച്ചാണ്‌ അറസ്റ്റിലാവുന്നത്‌. ബാംഗ്ലൂര്‍സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച നസീര്‍തന്നെയാണ്‌ കോഴിക്കോട്‌ സ്‌ഫോടനം ആസൂത്രണം ചെയ്‌തതെന്ന്‌ അയാളെ ചോദ്യംചെയ്‌തതില്‍നിന്ന്‌ മനസ്സിലായിട്ടുണ്ട്‌. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ദേശീയ അന്വേഷണ ഏജന്‍സി കോഴിക്കോട്‌ ഇരട്ടസ്‌ഫോടനത്തിന്റെ അന്വേഷണവും ഏറ്റെടുത്തിട്ടുള്ളത്‌. കോഴിക്കോട്ട്‌ നടന്ന മറ്റു സ്‌ഫോടനങ്ങളെക്കുറിച്ചുള്ള അന്വേഷണം നിലവില്‍ എങ്ങുമെത്താതെ കിടക്കുകയാണ്‌.

ബേപ്പൂരില്‍ ബോട്ടിലും കോഴിക്കോട്‌ നഗരത്തില്‍ പടക്കക്കടയിലും നടന്ന സ്‌ഫോടനങ്ങള്‍ക്കുപിന്നിലും ബാഹ്യശക്തികള്‍ക്ക്‌ പങ്കുണ്ടോ എന്ന്‌ ഈ ഘട്ടത്തില്‍ അന്വേഷിക്കേണ്ടതുണ്ട്‌. സംസ്ഥാനത്തെ മറ്റ്‌ തീവ്രവാദക്കേസുകളുടെ അന്വേഷണവും ദേശീയഏജന്‍സി ആവശ്യമെങ്കില്‍ ഏറ്റെടുക്കുമെന്ന്‌ സൂചനയുണ്ട്‌. എറണാകുളം കളക്ടറേറ്റിലെ ബോംബ്‌ സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ അബ്ദുള്‍ ഹാലിമിനെ ചോദ്യംചെയ്‌തതില്‍നിന്ന്‌ നസീറിന്‌ കോഴിക്കോട്‌ സ്‌ഫോടനവുമായുള്ള ബന്ധത്തെപ്പറ്റി നേരത്തേ സൂചന കിട്ടിയിരുന്നു. മാറാട്‌ കലാപത്തിലെ പോലീസ്‌നടപടിയിലുള്ള അതൃപ്‌തിയാണ്‌ കോഴിക്കോട്‌ സ്‌ഫോടനത്തിനുപിന്നിലെന്നായിരുന്നു ഹാലിമിന്റെ മൊഴി. ഇതിനുപുറമേയാണ്‌ പാനായിക്കുളം രഹസ്യയോഗം, വാഗമണ്‍ പരിശീലന ക്യാമ്പ്‌ തുടങ്ങിയ കേസുകള്‍. ഇവയ്‌ക്കും പുറമേയുള്ള തീവ്രവാദികളുമായി ബന്ധമുണ്ടെന്ന്‌ കണ്ടെത്തിയാല്‍ അന്വേഷണം ദേശീയഏജന്‍സിയെ ഏല്‌പിക്കേണ്ടതുണ്ട്‌. മറ്റു സംസ്ഥാനങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടത്താനുള്ള ഗൂഢാലോചന, തീവ്രവാദി റിക്രൂട്ട്‌മെന്റ്‌, പരിശീലനം, പരീക്ഷണസ്‌ഫോടനങ്ങള്‍ എന്നിവ ഇവിടെ നടക്കുന്നുണ്ടോ എന്ന്‌ അന്വേഷിക്കേണ്ടിവരും. കേരളത്തില്‍ ഇത്തരത്തില്‍ സമഗ്രമായ അന്വേഷണത്തിലൂടെ തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനം ഇല്ലാതാക്കാന്‍ നമുക്ക്‌ സാധിക്കണം. അന്യസംസ്ഥാനത്ത്‌ ഉപയോഗിക്കാനുള്ള സ്‌ഫോടകവസ്‌തുവാങ്ങല്‍, ബോംബ്‌നിര്‍മാണം എന്നിവയ്‌ക്ക്‌ പാലക്കാടും എറണാകുളവും കോഴിക്കോടുമൊക്കെ വേദിയാവുന്നുണ്ടെന്നാണ്‌ ഇപ്പോള്‍ ലഭിക്കുന്ന സൂചന. അതുകൊണ്ടുതന്നെ ഓരോ സംസ്ഥാനവും സ്വന്തം രീതിയില്‍ ഒറ്റയ്‌ക്ക്‌ അന്വേഷണം നടത്തിയാല്‍ ഒരു തുമ്പും ഉണ്ടായെന്നുവരില്ല.

വിവിധ സംസ്ഥാനങ്ങളിലെ തീവ്രവാദപ്രശ്‌നങ്ങളില്‍ ദേശീയ ഏജന്‍സി നടത്തുന്ന അന്വേഷണം കൂടുതല്‍ ഫലപ്രദവും സമഗ്രവുമാവും. രാജ്യത്തെയാകെ നടുക്കിയ മുംബൈ തീവ്രവാദി ആക്രമണത്തിനുശേഷം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന്റെ നേതൃത്വത്തില്‍ കൂടുതല്‍ ജാഗ്രതയും കരുതലും എടുത്തുതുടങ്ങിയിട്ടുണ്ട്‌. രാജ്യത്തെ വിവിധ ഏജന്‍സികള്‍ അവരവര്‍ക്ക്‌ കിട്ടുന്ന വിവരങ്ങള്‍ കൈമാറി പരസ്‌പരം സഹകരിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ ദേശീയഏജന്‍സി ഫലപ്രദമാവുകയുള്ളു. തീവ്രവാദികള്‍ നടത്തുന്ന ഓരോ സ്‌ഫോടനത്തിലും ഒട്ടേറെ നിരപരാധികളുടെ ജീവനാണ്‌ നഷ്‌ടമാവുന്നത്‌. അവരെ ആശ്രയിച്ചുകഴിയുന്ന ഒട്ടേറെ കുടുംബങ്ങളാണ്‌ ഇതുവഴി നിരാലംബരാവുന്നത്‌. തീവ്രവാദി ആക്രമണംമൂലമുണ്ടാവുന്ന ദേശീയനഷ്‌ടവും, ജനങ്ങളിലുണ്ടാവുന്ന അരക്ഷിതബോധവും ചെറുതല്ല. ഇനിയും ഇത്തരമൊരു ആക്രമണം ഉണ്ടാകാനനുവദിക്കാതെ തീവ്രവാദികള്‍ക്കെതിരെ സര്‍ക്കാര്‍ നിശ്ചയദാര്‍ഢ്യത്തോടെ നീങ്ങുകയാണ്‌ ആവശ്യം. സംസ്ഥാന തീവ്രവാദക്കേസുകള്‍ക്ക്‌ ബാഹ്യബന്ധങ്ങളുണ്ടെന്ന്‌ വ്യക്തമായാല്‍ അന്വേഷണം ദേശീയ ഏജന്‍സി ഏറ്റെടുക്കുന്നതില്‍ വിരോധമില്ല എന്ന സംസ്ഥാനസര്‍ക്കാറിന്റെ നിലപാട്‌ തികച്ചും സ്വാഗതാര്‍ഹമാണ്‌. ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനസര്‍ക്കാറുകളെ വിശ്വാസത്തിലെടുക്കണമെന്നതാണ്‌. പരസ്‌പരം വിശ്വാസവും സഹകരണവും ഉറപ്പിച്ച്‌ മുന്നോട്ടുപോയാലേ ദൗത്യം ലക്ഷ്യം നേടുകയുള്ളൂ.

Reported by Mathrubhumi
06th December 2009 01:21:30 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations