അറിയിപ്പ്: 'കാസര്‍കോട് വാര്‍ത്ത'യുടെ പുതിയരൂപം വായിക്കാന്‍ www.kasaragodvartha.com സന്ദര്‍ശിക്കുക. 'കാസര്‍കോട് വാര്‍ത്ത'യിലെ പഴയ വാര്‍ത്തകളും ലേഖനങ്ങളും മറ്റും ഇവിടെ ലഭ്യമാണ്. Posted on 31.08.2010

Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
News Last Updated on
12th December 2017 02:28:27 PM
Bookmark and Share
 
 
കുറ്റവാളികള്‍ കേന്ദ്രവും ഉമ്മന്‍ചാണ്ടിയും

അന്യസംസ്ഥാന ലോട്ടറികളുടെ തട്ടിപ്പിനെതിരെ സംസ്ഥാനത്തിന് കടുത്ത നടപടിയെടുക്കാന്‍ അധികാരമുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എന്തിന് കേരള സംസ്ഥാന ലോട്ടറിയടക്കം നിരോധിച്ച് പതിനായിരക്കണക്കിന് ലോട്ടറിത്തൊഴിലാളികളുടെ കഞ്ഞിയില്‍ മണ്ണുവാരിയിട്ടു എന്ന ചോദ്യമാണ് ഉയരേണ്ടത്. സിക്കിം, ഭൂട്ടാന്‍ ഭാഗ്യക്കുറികള്‍മാത്രം നിരോധിക്കുകയോ തട്ടിപ്പുകാരെ പിടിച്ച് ജയിലിലടയ്ക്കുകയോ ചെയ്യാമായിരുന്നില്ലേ? ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്കും അദ്ദേഹത്തിന്റെ ജിഹ്വയായ മലയാള മനോരമയ്ക്കും അന്യസംസ്ഥാന ലോട്ടറികളോട് വന്ന വിരോധം വലിയൊരു രാഷ്ട്രീയത്തട്ടിപ്പിന്റെ സൂചന മാത്രമാണ്. കേരളത്തിലെ ജനങ്ങളുടെ പണം അടിച്ചുമാറ്റി കോടികള്‍ കുന്നുകൂട്ടുന്നവരാണ് അന്യസംസ്ഥാന ലോട്ടറി രാജാക്കന്മാര്‍ എന്നതില്‍ ആരും സംശയിക്കേണ്ട കാര്യമില്ല. ഉമ്മന്‍ചാണ്ടി പ്രതിനിധാനംചെയ്യുന്ന രാഷ്ട്രീയ പാര്‍ടിയാണ് കേന്ദ്രഭരണം കൈയാളുന്നത്. ആ പാര്‍ടിയും കേന്ദ്രസര്‍ക്കാരും എന്തുചെയ്തു എന്ന് വിശദീകരിച്ചിട്ടുവേണ്ടേ സംസ്ഥാന സര്‍ക്കാരിനുമേല്‍ കുതിര കയറാന്‍? മുഖ്യമന്ത്രിയായിരിക്കുമ്പോഴും പ്രതിപക്ഷ നേതാവെന്ന നിലയിലും താന്‍തന്നെ അംഗീകരിക്കുകയും ആവര്‍ത്തിക്കുകയുംചെയ്ത കാര്യങ്ങള്‍ മറച്ചുവച്ചുകൊണ്ടാണ് ഉമ്മന്‍ചാണ്ടി ലോട്ടറി വിവാദത്തില്‍ ഇടപെടുന്നത്. അന്യസംസ്ഥാന ലോട്ടറിക്കാരില്‍നിന്ന് പരസ്യയിനത്തില്‍ മറ്റേതു പത്രത്തേക്കാളും തുക എണ്ണി വാങ്ങിയ ശേഷമാണ് മനോരമ ലോട്ടറി പരമ്പര തുടങ്ങിയത്. ലോട്ടറിത്തട്ടിപ്പുപോലെത്തന്നെ ഇത്തരം കാപട്യങ്ങളും പൊതുസമൂഹത്തില്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട്.

 സിക്കിം, ഭൂട്ടാന്‍ ലോട്ടറികള്‍ കേന്ദ്രലോട്ടറി നിയന്ത്രണ നിയമം ലംഘിക്കുന്നുവെന്ന് വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിച്ച് കണ്ടെത്തിയതും അക്കാര്യം കോടതികളെയും കേന്ദ്രസര്‍ക്കാരിനെയും അറിയിച്ചതും ആവുന്നത്ര നടപടി സ്വീകരിച്ചതും എല്‍ഡിഎഫ് സര്‍ക്കാരാണ്. കൊള്ളയ്ക്ക് അറുതിവരുത്താന്‍ സംസ്ഥാനത്തിന് ചെയ്യാന്‍ കഴിയുന്നതെന്ത്, കേന്ദ്രത്തിന് ചെയ്യാന്‍ കഴിയുന്നതെന്ത്, ഇരുകൂട്ടരും അത് ചെയ്തോ, ആരാണ് ലോട്ടറിക്കൊള്ളക്കാര്‍ക്കുവേണ്ടി നില്‍ക്കുന്നത് എന്നീ ചോദ്യങ്ങള്‍ക്കാണ് ഉമ്മന്‍ചാണ്ടി ഉത്തരം പറയേണ്ടിയിരുന്നത്. അതാണ് മനോരമ അന്വേഷിച്ച് കണ്ടെത്തേണ്ടിയിരുന്നതും. അതു മറന്ന്, എല്‍ഡിഎഫ് സര്‍ക്കാരിനെ പഴിചാരി കേന്ദ്രത്തെ രക്ഷപ്പെടുത്താനും ലോട്ടറിക്കൊള്ളയുടെ പാപഭാരം സംസ്ഥാനത്തിനുമുകളില്‍ കെട്ടിവയ്ക്കാനുമുള്ള കുബുദ്ധിയാണ് ഇരുകൂട്ടരും പ്രയോഗിച്ചുകാണുന്നത്. കോഗ്രസും ലോട്ടറിയും തമ്മിലുള്ള ബന്ധമെന്ത് എന്ന് തുറന്നുപറയാനും നേപ്പാളില്‍നിന്ന് ഒളിച്ചുകടന്നുവന്ന ലോട്ടറി രാജാവ് മണികുമാര്‍ സുബ്ബ എങ്ങനെ കോഗ്രസിന്റെ എംഎല്‍എയും എംപിയുമായി എന്നും വിശദീകരിക്കാനുള്ള ബാധ്യതകൂടി ഉമ്മന്‍ചാണ്ടിക്കുണ്ട്. അതുചെയ്യാതെ, ദേശാഭിമാനിക്ക് രണ്ടുകോടി രൂപ വെറുതെ നല്‍കിയ ആളാണ് മാര്‍ട്ടിന്‍ എന്ന് ആരോപിക്കുകയാണ് ഉമ്മന്‍ ചാണ്ടി മനോരമ ലേഖനത്തില്‍. ദേശാഭിമാനിക്ക് താന്‍ ഒരുപൈസ വെറുതെകൊടുത്തിട്ടില്ലെന്നും വാങ്ങിയ തുക അണ, പൈ കുറയാതെ തിരിച്ചുകിട്ടിയിട്ടുണ്ടെന്നും മാര്‍ട്ടിന്‍തന്നെ പറഞ്ഞത് മനോരമ പരമ്പരയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 പരസ്യയിനത്തില്‍ ദേശാഭിമാനിക്കുള്ളതിന്റെ പലമടങ്ങ് തുക മാര്‍ട്ടിനടക്കമുള്ള ലോട്ടറിക്കാരില്‍നിന്ന് മലയാള മനോരമ വാങ്ങിയിട്ടുണ്ട്. ദേശാഭിമാനിക്കുള്ളത് 'വെറുതെ'യും മനോരമയ്ക്കുള്ളത് 'വിലയ്ക്കും' ആണോ? നീണ്ട വര്‍ഷം പണംപറ്റിയ ശേഷം ഒരു സുപ്രഭാതത്തില്‍ പരസ്യം കൊടുക്കല്‍ നിര്‍ത്തി പരമ്പര തുടങ്ങുന്നതാണോ ധാര്‍മികതയുടെ അളവുകോല്‍? കേന്ദ്രസര്‍ക്കാരും അതിന്റെ സംവിധാനങ്ങളാകെയും അന്യസംസ്ഥാന ലോട്ടറി മാഫിയക്കുവേണ്ടി വിടുപണിയാണ് ചെയ്യുന്നത്. അതല്ലെങ്കില്‍, സര്‍ക്കാരിനെ നിയമകാര്യങ്ങളില്‍ സഹായിക്കാന്‍ ബാധ്യതയുള്ള അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍, ലോട്ടറി ഏജന്‍സിക്ക് 'നിങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെ ഭയപ്പെടേണ്ടതില്ല' എന്ന് നിയമോപദേശം നല്‍കുമോ. ലോട്ടറിക്കാരുടെ പണം വാങ്ങി തെരഞ്ഞെടുപ്പുഫണ്ട് വീര്‍പ്പിക്കുന്ന പാര്‍ടിയാണ് ഉമ്മന്‍ചാണ്ടിയുടേത് എന്നതുകൊണ്ടാണല്ലോ അധികാരം മുഴുവന്‍ കേന്ദ്രത്തില്‍ നിക്ഷിപ്തമാക്കി സംസ്ഥാനങ്ങളെ നിശബ്ദരാക്കുന്നതും ലോട്ടറി മാഫിയയെ കയറൂരി വിടുന്നതും. കേരളത്തിലെ യുഡിഎഫിന് ഈ പാപഭാരത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ കഴിയുമോ? ലോട്ടറി മാഫിയയുടെമേല്‍ എടുത്ത കേസെല്ലാം പിന്‍വലിക്കാമെന്നും ഇനി പുതിയൊരു കേസുമെടുക്കില്ലെന്നും യുഡിഎഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടില്ലേ? അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരായ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതിന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയതിന്റെ മറവില്‍ തട്ടിപ്പിലൂടെയല്ലേ മുമ്പെടുത്ത കേസുകളാകെ പിന്‍വലിച്ചത്? അന്നത്തെ സത്യവാങ്മൂലം സൃഷ്ടിച്ച തടസ്സം നീക്കാനാണ് ഇപ്പോള്‍ സംസ്ഥാന ഗവമെന്റ് പെടാപ്പാട് പെടുന്നത് എന്ന വസ്തുത ഉമ്മന്‍ചാണ്ടി മറന്നുപോയോ? ലോട്ടറിപ്രശ്നത്തില്‍ ഉണരേണ്ടതും പ്രവര്‍ത്തിക്കേണ്ടതും കേന്ദ്രസര്‍ക്കാരും ഉമ്മന്‍ചാണ്ടിയുടെ കക്ഷിയുമാണ്. നികുതി പിരിക്കാനും നികുതി അടയ്ക്കുന്നതിനുള്ള വ്യവസ്ഥകളില്‍ വീഴ്ച വരുത്തിയാല്‍ നടപടിയെടുക്കാനുമുള്ള പരിമിതമായ അധികാരമേ സംസ്ഥാനത്തിന് കേന്ദ്രം കല്‍പ്പിച്ച് നല്‍കിയിട്ടുള്ളൂ.

ആ അധികാരം ഫലപ്രദമായി വിനിയോഗിക്കുന്നതുകൊണ്ടാണ്, തട്ടിപ്പുകാരും നികുതിവെട്ടിപ്പുകാരും നിയമത്തിനു മുന്നിലെത്തുന്നതും പിഴയൊടുക്കേണ്ടിവരുന്നതും. കേന്ദ്രസര്‍ക്കാര്‍ ലോട്ടറി മാഫിയക്ക് നല്‍കി വരുന്ന പിന്തുണയാണ് യഥാര്‍ഥ പ്രശ്നം. അക്കാര്യത്തില്‍ തനിക്ക് ക്രിയാത്മകമായി എന്തുചെയ്യാന്‍ കഴിയും എന്ന് ഉമ്മന്‍ചാണ്ടി പറയട്ടെ. അതല്ലാതെ, യുഡിഎഫ് കാലത്ത് ചെയ്തതുപോലെ കേരള ഭാഗ്യക്കുറിയും വേണ്ടെന്നു വച്ച് അന്യസംസ്ഥാന ലോട്ടറികള്‍ക്ക് തടയിടുന്നത് 'എലിയെ പേടിച്ച് ഇല്ലം ചുടുന്നതിന്' തുല്യമാകും. കേരള ഭാഗ്യക്കുറി ഒരുലക്ഷത്തിലേറെ പാവങ്ങളുടെ ജീവിതോപാധികൂടിയാണ് എന്നതിനാല്‍, ആ പാവങ്ങളോട് പ്രതിബദ്ധതയുള്ള എല്‍ഡിഎഫ് സര്‍ക്കാരിന് ഉമ്മന്‍ചാണ്ടിയുടെ മാര്‍ഗം സ്വീകരിക്കാനാവുമോ? ലോട്ടറി മാഫിയക്കെതിരെ കേന്ദ്ര യുപിഎ സര്‍ക്കാരിനെക്കൊണ്ട് നടപടിയെടുപ്പിക്കുക; സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുക എന്നിങ്ങനെയുള്ള രണ്ട് മാര്‍ഗമേ കരണീയമായിട്ടുള്ളൂ. അതിനുവേണ്ടിയാണ് യോജിച്ച ശബ്ദമുയരേണ്ടത്്. അതല്ലാതെ, രാഷ്ട്രീയ ദുഷ്ടലക്ഷ്യം വച്ച് ഉമ്മന്‍ചാണ്ടിയും മനോരമയും മറ്റ് ചില വിവാദ വ്യവസായികളും വ്യാജപ്രചാരണത്തിനിറങ്ങിയാല്‍ പ്രത്യേക പ്രയോജനമൊന്നും ഉണ്ടാകാനില്ല. കള്ളപ്രചാരണംകൊണ്ട് തെറിച്ചുപോകുന്ന മൂക്കല്ല എല്‍ഡിഎഫ് സര്‍ക്കാരിന്റേത് എന്നുമാത്രം ഓര്‍ത്താല്‍ നന്ന്.

Reported by Deshabhimani
28th August 2010 09:38:01 AM
 
Comments for this news
 
Name: Date:
Comments:
 
print Print This Story email Email This Story comments Write Comment
 
കൂടുതല്‍ വായിക്കാന്‍
Make Us Your home Page Make Us Your Home page! RSS